Tuesday, November 26, 2024

സമ്പദ് വ്യവസ്ഥ തകരാറില്‍; മാലിദ്വീപിലേക്ക് ഇന്ത്യക്കാരെ ക്ഷണിച്ച് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍

മാലിദ്വീപിലേക്ക് ഇന്ത്യക്കാരെ ക്ഷണിച്ച് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍. ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് ഇടപെടല്‍. ടൂറിസത്തെ ആശ്രയിക്കുന്ന മാലിദ്വീപിന്റെ സമ്പദ് വ്യവസ്ഥയെ, അവിടം സന്ദര്‍ശിച്ച് സഹായിക്കൂ എന്നാണ് അഭ്യര്‍ത്ഥന. മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച് ഇബ്രാഹിം ഫൈസല്‍ ഊന്നിപ്പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാലിദ്വീപ് സര്‍ക്കാര്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ടൂറിസം മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ 42 ശതമാനം കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 6 ന് ലക്ഷദ്വീപില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോയും പോസ്റ്റ് ചെയ്തതിന് പിന്നാലെ മാലിദ്വീപിലെ മന്ത്രിമാര്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. പിന്നാലെയാണ് മാലിദ്വീപിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞത്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സൈനികരെ രാജ്യത്തു നിന്ന് പിന്‍വലിക്കാനും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറില്‍ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഇത്. ഇന്ത്യന്‍ സൈനികരുടെ സാന്നിധ്യം തന്റെ രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തെ ബാധിച്ചു.

 

Latest News