ഉക്രൈയ്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതായി ഉക്രൈയ്ന്. പ്രസിഡന്റിനെ വധിക്കാനുള്ള റഷ്യന്‍ ഗൂഢാലോചനയാണ് ഇതിലൂടെ തകര്‍ത്തതെന്നും ഉക്രൈയ്ന് വ്യക്തമാക്കി.
റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് തയ്യാറാക്കിയ പദ്ധതിയാണ് ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സ്റ്റേറ്റ് ഗാര്‍ഡ് ഓഫ് ഉക്രൈയ്നിലെ രണ്ട് കേണല്‍മാര്‍ നടപ്പാക്കാനൊരുങ്ങിയതെന്ന് ഉക്രൈയ്ന് സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസ് പ്രസ്താവനയില്‍ പറഞ്ഞു. ‘മോസ്കോയില്‍ നിന്നുള്ള എഫ്എസ്ബിയുടെ മേല്‍നോട്ടത്തിലുള്ള ഈ ശൃംഖലയില്‍ റഷ്യയിലേക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്ന സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിലെ രണ്ട് കേണലുകളും ഉള്‍പ്പെടുന്നു,’ എസ്ബിയു പറഞ്ഞു.
2022 ഫെബ്രുവരിയില്‍ ഉക്രൈയ്നിലെ റഷ്യയുടെ പൂര്‍ണ്ണമായ അധിനിവേശത്തിന് മുമ്പാണ് കേണല്‍മാരെ ഈ പദ്ധതിയിലേക്ക് റിക്രൂട്ട് ചെയ്തത്. സെലന്‍സ്കിയെ കൊല്ലാന്‍ റഷ്യ ശ്രമിക്കുന്നത് ഇതാദ്യമായല്ലെന്ന് ഉക്രൈയ്ന് അവകാശപ്പെടുന്നു. തന്നെ വധിക്കാന്‍ കുറഞ്ഞത് 10 ശ്രമങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്ന് സെലെന്‍സ്കി അടുത്തിടെ പറഞ്ഞിരുന്നു. സെലന്‍സ്കിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ റഷ്യയുടെ മിലിട്ടറി ഇന്റലിജന്‍സിന് വേണ്ടി ചാരപ്പണി നടത്താന്‍ തയ്യാറായ പോളണ്ട് പൗരനെ അറസ്റ്റ് ചെയ്തതായി പോളണ്ട് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.