ആംസ്റ്റര്‍ഡാം സര്‍വകലാശാലയില്‍ നിന്ന് ബുള്‍ഡോസര്‍ ഉപയോഗിച്ച് പാലസ്തീന്‍ അനുകൂല പ്രതിഷേധക്കാരെ നീക്കം ചെയ്ത് പോലീസ്. ചൊവ്വാഴ്ച 125 ഓളം പ്രതിഷേധക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം അക്രമാസക്തമായതിനാല്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഈ നടപടികള്‍ അനിവാര്യമാണെന്ന് എക്‌സിലെ പ്രസ്താവനയില്‍ ഡച്ച് പോലീസ് വ്യക്തമാക്കി.
പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നതായി സോഷ്യല്‍ മീഡിയയിലെ ഒരു വീഡിയോ വ്യക്തമാക്കുന്നു. ബാറ്റണുകളും ഷീല്‍ഡുകളും ധരിച്ച പോലീസ് പ്രതിഷേധക്കാരെ സര്‍വകലാശാലയില്‍ നിന്ന് തുരത്തി. പ്രതിഷേധക്കാരെ മര്‍ദിക്കുന്നതും ടെന്റുകള്‍ നീക്കം ചെയ്യുന്നതും വീഡിയോയില്‍ കാണാം. പകലത്തെ പ്രതിഷേധത്തെ പിന്തുണക്കുന്നുണ്ടെങ്കിലും രാത്രി മുഴുവന്‍ ഇത് ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കാന്‍ കഴിയില്ലെന്ന് യൂണിവേഴ്സിറ്റി പ്രതിനിധി പറഞ്ഞു. ഇസ്രായേലുമായുള്ള അക്കാദമിക് ബന്ധം സര്‍വകലാശാല അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യമുയര്‍ത്തുന്നുണ്ട്.
യുഎസ് യൂണിവേഴ്സിറ്റി കാമ്പസുകളില്‍ നിന്ന് യൂറോപ്പിലെ നഗരങ്ങളിലേക്ക് ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധം വ്യാപിച്ചതിന്റെ ഭാഗമായാണ് നെതര്‍ലന്‍ഡ്സ് തലസ്ഥാനത്തും വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ സര്‍വകലാശാലാ കാമ്പസില്‍ വിദ്യാര്‍ഥികള്‍ മുഴക്കി.