Sunday, November 24, 2024

‘പരസ്യങ്ങളിലെ അവകാശവാദങ്ങള്‍ വഞ്ചനാപരമല്ലെന്ന് ഉറപ്പാക്കാന്‍ സെലിബ്രിറ്റികള്‍ ബാധ്യസ്ഥര്‍’; മുന്നറിയിപ്പുമായി സുപ്രീംകോടതി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. പരസ്യങ്ങളിലെ അവകാശവാദങ്ങള്‍ വഞ്ചനാപരമല്ലെന്ന് ഉറപ്പാക്കാന്‍ സെലിബ്രിറ്റികള്‍ക്ക് ബാധ്യതയുണ്ടെന്നാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. പതഞ്ജലിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി നിലപാട് അറിയിച്ചത്.

ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് കമ്പനികള്‍ ഉയര്‍ത്തുന്ന അവകാശ വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെങ്കില്‍ പരസ്യങ്ങളുടെ ഭാഗമാകുന്ന നടി-നടന്മാര്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ എന്നിവര്‍ക്കും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, എ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് പരസ്യങ്ങളില്‍ അഭിനയിച്ചവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് വ്യക്തമാക്കിയത്. പരസ്യത്തിനായി തങ്ങളുടെ അനുഭവം പറയുമ്പോള്‍ ഒരു വ്യക്തിക്ക് അതിനെ കുറിച്ച് മതിയായ വിവരമോ അനുഭവമോ ആവശ്യമാണെന്നും അവന്‍ അല്ലെങ്കില്‍ അവള്‍ അംഗീകരിക്കുന്ന ഉല്‍പ്പന്നമോ സേവനമോ ഉപയോഗിച്ച് അത് വഞ്ചനാപരമല്ലെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

‘ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാനും വിപണിയില്‍ നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ച് ഉപഭോക്താവിനെ ബോധവാന്മാരാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ വ്യവസ്ഥകള്‍ എന്നും കോടതി പറഞ്ഞു. സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍മാരും ഒരുപോലെയാണെന്നും അവര്‍ അവതരിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. പരാതി നല്‍കുന്നതിന് ഉപഭോക്താവിനെ പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രാലയങ്ങള്‍ നടപടിക്രമങ്ങള്‍ സജ്ജീകരിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

പരസ്യങ്ങള്‍ പുറത്തുവിടുന്നതിന് മുമ്പ് ഇവ വാണിജ്യ നിയമങ്ങള്‍ക്കും കോഡുകള്‍ക്കും അനുസൃതമാണെന്ന് പ്രസ്താവിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം ഫയല്‍ ചെയ്യണമെന്നും കോടതി പറഞ്ഞു. ടിവിയില്‍ പരസ്യം നല്‍കുന്നവര്‍ക്ക് ബ്രോഡ്കാസ്റ്റ് സേവാ പോര്‍ട്ടലില്‍ ഡിക്ലറേഷന്‍ അപ്ലോഡ് ചെയ്യാമെന്നും നാലാഴ്ചയ്ക്കകം അച്ചടി മാധ്യമങ്ങള്‍ക്കായി ഒരു പോര്‍ട്ടല്‍ സ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഇപ്പോള്‍ നിരോധിച്ചിരിക്കുന്ന പതഞ്ജലി ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ വിവിധ ഇന്റര്‍നെറ്റ് ചാനലുകളില്‍ ഇപ്പോഴും ലഭ്യമാണെന്നും കോടതി പറഞ്ഞു.

 

Latest News