Sunday, November 24, 2024

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ് രാജ്യങ്ങളുമായി ഈ വര്‍ഷം പരീക്ഷ എഴുതിയ 4,27,153 വിദ്യാര്‍ഥികളില്‍ 99.69 ശതമാനം പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാര്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട് ഇത്തവണ.

എന്നാല്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കുറി 71,831 വിദ്യാര്‍ഥികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. കഴിഞ്ഞ തവണ ഇത് 68604 ആയിരുന്നു. റവന്യൂ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ്. 99.92 ആണ് ഇവിടുത്തെ വിജയശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരവും. 99.08 ശതമാനം. വിദ്യാഭ്യാസ ജില്ലകളില്‍ പാലാ ആണ് വിജയശതമാനത്തില്‍ മുന്നില്‍. പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ച പാലാ നൂറുമേനിയാണ് കൊയ്തത്. ഏറ്റവും കുറവ് ആറ്റിങ്ങലിലാണ്; 99 ശതമാനം.

ഗള്‍ഫ് മേഖലയില്‍ പരീക്ഷയെഴുതിയവരില്‍ 516 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 96.81 ആണ് വിയശതമാനം. ലക്ഷദ്വീപില്‍ ഒമ്പത് പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 285 പേരില്‍ 277 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം 97.19 ശതമാനം.

സംസ്ഥാനത്ത് ഇത്തവണ 2474 സ്‌കൂളുകളാണ് നൂറുമേനി വിജയം കൊയ്തത്. ഇതില്‍ 892 സര്‍ക്കാര്‍ സ്‌കൂളുകളാണ്. 1139 എയ്ഡഡ് സ്‌കൂളുകളിലും 443 അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ഥികളും വിജയിച്ചുകയറി. പുനര്‍മൂല്യനിര്‍ണയത്തിന് നാളെ(മേയ്9) മുതല്‍ മേയ് 15 വരെ അപേക്ഷ നല്‍കാം. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ ആറ് വരെ നടക്കുമെന്നും സേ പരീക്ഷഫലം ജൂണ്‍ രണ്ടാം വാരം പ്രഖ്യാപിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പതിനൊന്ന് ദിവസങ്ങള്‍ക്ക് മുമ്പെയാണ് ഫലം പ്രഖ്യാപിക്കുന്നത്. പൂര്‍ണഫലം നാലുമണി മുതല്‍ താഴെ പറയുന്ന ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭിക്കും.

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

https://pareekshabhavan.kerala.gov.in

 

Latest News