Monday, November 25, 2024

പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ യൂറോപ്പിലെ സര്‍വ്വകലാശാലകളിലേക്കും പടരുന്നു

അമേരിക്കയ്ക്ക് പിന്നാലെ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ യൂറോപ്പിലെ സര്‍വ്വകലാശാലകളിലേക്കും പടരുന്നു. നെതര്‍ലാന്‍ഡ്, ജര്‍മ്മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്‍ഡ്, ഓസ്ട്രിയ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ വിവിധ സര്‍വ്വകലാശാലകളിലാണ് പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ വ്യാപകമാവുന്നത്. അമേരിക്കയിലെ പ്രമുഖ സര്‍വ്വകലാശാലകളില്‍ അടുത്തിടെയുണ്ടായ പ്രതിഷേധങ്ങളുടെ ചുവട് പിടിച്ചാണ് യൂറോപ്പിലെ പ്രതിഷേധം. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് എതിരെയാണ് വിദ്യാര്‍ത്ഥി പ്രതിഷേധം വ്യാപകമാവുന്നത്.

ജര്‍മ്മനിയിലെ ലീപ്സിഗിലും സര്‍വ്വകലാശാലയില്‍ പ്രതിഷേധം ശക്തമാണ്. വംശഹത്യയ്ക്കെതിരെ നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് ഇവിടെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് സഹായം തേടിയിരിക്കുകയാണ് ജര്‍മ്മനിയിലും സര്‍വ്വകലാശാലാ അധികൃതര്‍. ബെര്‍ലിന്‍ സര്‍വ്വകലാശാലയിലും പ്രതിഷേധം ശക്തമാണ്. പാരീസിലെ പ്രശസ്തമായ സയന്‍സ് പോ സര്‍വ്വകലാശാലയില്‍ ഇരുപതിലേറെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധം നടത്തിയത്.

മറ്റ് കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിച്ച പൊലീസ് പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ നീക്കി. ഇസ്രയേലിനെതിരെ 13 വിദ്യാര്‍ത്ഥികളാണ് ഇവിടെ നിരാഹാര സമരത്തിലുള്ളത്. സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ചിലും ലോസേനിലും സൂറിച്ചിലും പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാണ്. ഓസ്ട്രിയയിലും വിയന്ന സര്‍വ്വകലാശാല ക്യാംപസിലാണ് വിദ്യാര്‍ത്ഥി പ്രതിഷേധം നടക്കുന്നത്. ആതന്‍സില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന സാഹചര്യമാണ് ഉണ്ടായത്.

ചൊവ്വാഴ്ച റാഫയില്‍ ഇസ്രയേല്‍ സൈന്യം എത്തിയതിന് പിന്നാലെ സജീവമായ പ്രതിഷേധങ്ങളെ പൊലീസ് അടക്കമുള്ള സംവിധാനങ്ങളെ നിരത്തിയാണ് ഭരണകൂടം പ്രതിരോധിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം ആംസ്റ്റര്‍ഡാം സര്‍വ്വകലാശാലയില്‍ നടന്ന് ടെന്റ് കെട്ടിയുള്ള പ്രതിഷേധത്തില്‍ 169 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടെന്റുകള്‍ അടിച്ച് തകര്‍ത്ത് പൊലീസ് വിദ്യാര്‍ത്ഥികളെ ലാത്തി പ്രയോഗിച്ചാണ് ക്യാംപസില്‍ നിന്ന് തുരത്തിയത്. പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ക്കെതിരെ ഇസ്രയേല്‍ അനുകൂലികള്‍ എത്തിയതോടെയാണ് പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയത്.

 

Latest News