Sunday, November 24, 2024

ഗാസയില്‍ പിടിമുറുക്കി ഇസ്രായേല്‍ സേന; റാഫയില്‍ നിന്ന് കൂട്ടപ്പലായനം

ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള തെക്കന്‍ ഗാസയിലെ റാഫയില്‍ നിന്ന് പാലസ്തീനികള്‍ കൂട്ട പലായനം ആരംഭിച്ചു. മധ്യ ഗാസയിലേക്കാണിപ്പോള്‍ കൂട്ട പലായനം. നേരത്തേ, ഗാസയുടെ വടക്കന്‍, മധ്യ മേഖലകളില്‍ യുദ്ധം രൂക്ഷമായപ്പോള്‍ ജനം ജീവനുംകൊണ്ടോടിയത് തെക്കന്‍ പട്ടണമായ റാഫയിലേക്കായിരുന്നു. അവസാന ആശ്രയമായിരുന്ന റാഫയില്‍നിന്നും ആയിരക്കണക്കിനു പാലസ്തീന്‍കാര്‍ മധ്യഗാസയിലെ ദെയ്ര്‍ അല്‍ബലയിലെത്തി താല്‍ക്കാലിക കൂടാരങ്ങള്‍ കെട്ടിത്തുടങ്ങി.

അതേസമയം കിഴക്കന്‍ റാഫയില്‍ ഇസ്രായേല്‍ സേനയുമായി കനത്ത പോരാട്ടം നടത്തുമെന്ന് ഹമാസ് അറിയിച്ചു. ഹമാസ് റോക്കറ്റാക്രമണത്തില്‍ തകര്‍ന്ന കെരെം ഷാലോം അതിര്‍ത്തി ക്രോസിംഗ് തുറന്നതായി ഇസ്രായേല്‍ അവകാശപ്പെടുന്നു. എന്നാല്‍ ഗാസയിലേക്ക് സഹായം അനുവദിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു.

ഇതിനിടെ, ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിയില്‍ വീണ്ടുമൊരു കൂട്ടക്കുഴിമാടം കൂടി കണ്ടെത്തി. 49 മൃതദേഹങ്ങളാണ് ഇവിടെനിന്നു കിട്ടിയത്. കയ്‌റോയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ലെങ്കിലും ഇസ്രായേല്‍ സംഘം സഹകരിക്കുന്നുണ്ട്. ഈജിപ്തും ഖത്തറും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രായേല്‍ വഴങ്ങിയിട്ടില്ല.

 

 

Latest News