തെക്കന്‍ ഗാസയിലെ ആശുപത്രികളില്‍ മൂന്ന് ദിവസത്തേക്ക് കൂടിയുള്ള ഇന്ധനം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ലോകാരോഗ്യ സംഘടന. ഇസ്രായേല്‍ റാഫ അതിര്‍ത്തി അടച്ചിടുന്നതാണ് ഇന്ധനം കൊണ്ടുവരാന്‍ സാധിക്കാത്തതിന്റെ കാരണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.
അന്താരാഷ്ട്ര എതിര്‍പ്പുകള്‍ വകവയ്ക്കാതെ, തെക്കന്‍ നഗരമായ റാഫയിലേക്ക് ചൊവ്വാഴ്ച ഇസ്രായേല്‍ ടാങ്കുകള്‍ അയച്ചിരുന്നു. പാലസ്തീന് പ്രദേശത്തേക്കുള്ള സഹായത്തിനുള്ള പ്രധാന വഴിയായ, ഈജിപ്തിലേക്കുള്ള ക്രോസിംഗ് പിടിച്ചെടുക്കുകയും ചെയ്തു. ഗാസയിലേക്കുള്ള മാനുഷിക സഹായത്തിന്റെ ഒഴുക്ക് ഇസ്രായേല്‍ അധികൃതര്‍ നിയന്ത്രിക്കുകയാണ്.’
റഫ അതിര്‍ത്തി കടന്ന്് യുഎന്‍ ഇന്ധനം കൊണ്ടുവരുന്നത് തടയുന്നത് തുടരുകയാണ്. ഇന്ധനമില്ലാതെ എല്ലാ മാനുഷിക പ്രവര്‍ത്തനങ്ങളും നിലയ്ക്കും. അതിര്‍ത്തി അടച്ചിടുന്നത് ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനും തടസ്സമാകുന്നു,’ ടെഡ്രോസ് പറഞ്ഞു.
ഗാസയുടെ തെക്ക് ഭാഗത്തുള്ള ആശുപത്രികളില്‍ മൂന്ന് ദിവസത്തെ ഇന്ധനം മാത്രമേ അവശേഷിക്കുന്നുള്ളൂ, അതിനര്‍ത്ഥം സേവനങ്ങള്‍ ഉടന്‍ തന്നെ നിലച്ചേക്കാം.’ അദ്ദേഹം ആശങ്കപ്പെട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇന്ധനം നിര്‍ണായകമാണെന്ന് പാലസ്തീന് പ്രദേശങ്ങളിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി റിക്ക് പീപ്പര്‍കോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആശുപത്രികള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി നല്കുന്ന ജനറേറ്ററുകള്‍ക്ക് ഊര്‍ജം പകരുന്നതിനാണ് ഇന്ധനം പ്രധാനമായും ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.