Monday, November 25, 2024

കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന് ഭാവി നഷ്ടമാകും; കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറക്കട്ടെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ഇറ്റലിയിലെയും യൂറോപ്പിലെയും ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി ഉണ്ടാകണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ജനനങ്ങളുടെ എണ്ണമാണ് മനുഷ്യരുടെ പ്രതീക്ഷയുടെ സൂചകം. അതുകൊണ്ടു തന്നെ ഇറ്റലിക്കാരോട് കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന് ഭാവിയെക്കുറിച്ചുള്ള മോഹം നഷ്ടമാകുന്നുവെന്ന് കുടുംബ ജീവിതം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ കൂട്ടായ്മയില്‍ മാര്‍പാപ്പ പറഞ്ഞു. കുഞ്ഞുങ്ങള്‍ ജനിക്കാത്തതല്ല പ്രശ്നങ്ങളുടെ മൂലകാരണം. സ്വാര്‍ഥത, ഉപഭോഗസംസ്‌കാരം, വ്യക്തിമാഹാത്മ്യവാദം എന്നിവ ആളുകളെ തൃപ്തരും ഏകാകികളും അസന്തുഷ്ടരുമാക്കിയതാണ് പ്രശ്നമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

തുര്‍ച്ചയായ 15-ാം വര്‍ഷവും ഇറ്റലിയില്‍ ജനനനിരക്ക് റെക്കോഡ് താഴ്ചയിലാണ്. 3.79 ലക്ഷം കുഞ്ഞുങ്ങളാണ് കഴിഞ്ഞവര്‍ഷം അവിടെ ജനിച്ചത്. 2033-ഓടെ വര്‍ഷം അഞ്ചുലക്ഷം ജനനങ്ങളെങ്കിലും വേണമെന്ന് ആഹ്വാനം ചെയ്തുള്ള പ്രചാരണത്തിലാണ് ഇറ്റലിയിലെ ജോര്‍ജിയ മെലോണിയുടെ വലതുപക്ഷ സര്‍ക്കാര്‍.

കുട്ടികളില്ലാത്ത, പട്ടികളെയും പൂച്ചകളെയും കൊണ്ട് നിറഞ്ഞ വീടുകള്‍ വളരെ ദുഖം നിറഞ്ഞയിടങ്ങളാക്കും. അതിനാല്‍, ദീര്‍ഘകാലത്തേക്കുള്ള കാര്യക്ഷമവും ധീരവും മൂര്‍ത്തവുമായ തീരുമാനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 10 വര്‍ഷമായി യൂറോപ്പിലെ ജനനനിരക്ക് 1.5 ആയി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ ആഹ്വാനം.

 

Latest News