Monday, November 25, 2024

എന്തുകൊണ്ട് സൗരോര്‍ജ്ജ വൈദ്യുതിക്ക് കുറഞ്ഞ വില നല്‍കുന്നു? ശ്രീലേഖ ഐപിഎസിന്റെ പോസ്റ്റില്‍ കെഎസ്ഇബിയുടെ മറുപടി

വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടും കറന്റ് ബില്‍ കൂടുകയാണ് ഉണ്ടായത് എന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണത്തിന് മറുപടിയുമായി കെഎസ്ഇബി. ശ്രീലേഖ ഐപിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമാണെന്നും സൗരോര്‍ജ്ജ ബില്ലിങ്ങിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാവണം തെറ്റിദ്ധാരണയെന്നും കെഎസ്ഇബി കുറിപ്പില്‍ പറഞ്ഞു.

കെഎസ്ഇബിയുടെ കുറിപ്പ്

ശ്രീലേഖ ഐ പി എസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബിയുടെ സോളാര്‍ ബില്ലിങ് തട്ടിപ്പാണെന്ന തരത്തില്‍ തികച്ചും വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമായ കുറിപ്പ് പ്രസിദ്ധീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സൗരോര്‍ജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാവണം ഈ തെറ്റിദ്ധാരണയുണ്ടായിട്ടുള്ളത്. ഉദാഹരണത്തിന്, ശ്രീമതി ശ്രീലേഖ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച വൈദ്യുതബില്ലിലെ വിവരങ്ങള്‍ തന്നെ പരിശോധിക്കാം.5 കിലോവാട്ട് ശേഷിയുള്ള ഓണ്‍ഗ്രിഡ് സൗരോര്‍ജ നിലയമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. ഏപ്രില്‍ മാസം 557 യൂണിറ്റ് ആണ് നിലയത്തില്‍ നിന്നും ഉത്പാദിപ്പിച്ചത്.

അതില്‍ തത്സമയ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള 290 യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് എക്സ്പോര്‍ട്ട് ചെയ്തു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ -399 യൂണിറ്റ്, വൈകീട്ട് 6 മുതല്‍ രാത്രി 10 വരെയുള്ള പീക്ക് മണിക്കൂറുകളില്‍ – 247 യൂണിറ്റ്, രാത്രി 10 മുതല്‍ രാവിലെ 6 വരെയുള്ള ഓഫ് പീക്ക് മണിക്കൂറുകളില്‍ 636 യൂണിറ്റ് എന്നിങ്ങനെ വീട്ടിലെ ആകെ വൈദ്യുതി ഉപയോഗം 1282 യൂണിറ്റ് ആയിരുന്നു.

ഗ്രിഡില്‍ നിന്നും ആകെ ഇംപോര്‍ട്ട് ചെയ്ത വൈദ്യുതിയില്‍ നിന്നും ഗ്രിഡിലേക്ക് എക്സ്പോര്‍ട്ട് ചെയ്ത യൂണിറ്റ് കുറച്ച് ലഭിക്കുന്ന വൈദ്യുതിക്കാണ് കെ എസ് ഇ ബി ബില്‍ ചെയ്യുക.. അതായത് 1282 – 290 = 992 യൂണിറ്റിനാണ് ബില്ല് ചെയ്തിരിക്കുന്നത്. ഒരു മാസത്തെ ബില്ലിംഗ് യൂണിറ്റ് ആയ 992 യൂണിറ്റിന് നിലവിലെ താരിഫ് പ്രകാരം 10,038 രൂപയാണ് ഈടാക്കിയിരിക്കുന്നത്. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ബില്ലില്‍ ഒരു തെറ്റും ഇല്ല എന്ന് വ്യക്തം

സൗരോര്‍ജ്ജ നിലയത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അപ്പപ്പോള്‍ വൈദ്യുത ശൃംഖലയിലേക്ക് കയറ്റുമതി ചെയ്യുന്ന ഓണ്‍ഗ്രിഡ് സംവിധാനത്തെക്കാള്‍ മെച്ചമാണ് ബാറ്ററിയില്‍ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാന്‍ കഴിയുന്ന ഓഫ് ഗ്രിഡ് സംവിധാനം എന്ന വിചിത്രമായ വാദവും കാണുന്നുണ്ട്. തികച്ചും അബദ്ധജടിലമായ വാദമാണിത്. താരതമ്യേനെ വളരെ ഊര്‍ജ്ജക്ഷമത കുറഞ്ഞ സംവിധാനമാണ് ബാറ്ററിയും തദ്വാരാ ഓഫ്ഗ്രിഡ് സോളാര്‍ സംവിധാനവും.

പ്രസ്തുത വ്യക്തിയുടെ പോസ്റ്റിലെ, ‘അറ്റകുറ്റപ്പണിക്കായി വൈദ്യുതി ഓഫ് ചെയ്തിരിക്കുന്ന സമയത്ത് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിച്ച് നല്‍കിക്കൊണ്ടിരിക്കും’ എന്ന പരാമര്‍ശവും വസ്തുതയല്ല. ലൈനില്‍ സപ്ലൈ ഇല്ലാത്ത സമയത്ത് ഗ്രിഡ് ബന്ധിത സൗരോര്‍ജ്ജനിലയത്തില്‍ ഉത്പാദനം നടക്കുകയില്ല.

കെ എസ് ഇ ബി വൈദ്യുതിക്ക് ഈടാക്കുന്ന വിലയും സൗരോര്‍ജ്ജ വൈദ്യുതിക്ക് നല്‍കുന്ന വിലയും തമ്മിലുള്ള അന്തരവും പോസ്റ്റില്‍ സൂചിപ്പിച്ചുകണ്ടു. വൈദ്യുതിക്ക് നമ്മുടെ രാജ്യത്ത് ഡൈനമിക് പ്രൈസിങ്ങാണ് നിലവിലുള്ളത്. പകല്‍ സമയത്തെ (സോളാര്‍ മണിക്കൂറുകള്‍) വിലയെക്കാള്‍ വളരെക്കൂടുതലാണ് വൈകീട്ട് 6 മണിക്കും രാത്രി 12 മണിക്കുമിടയിലുള്ള വില.

ആവശ്യകതയുടെ 75 ശതമാനത്തോളം സംസ്ഥാനത്തിനുപുറത്തുനിന്ന് വൈദ്യുതി വാങ്ങിയെത്തിക്കുകയാണ് കെ എസ് ഇബി. ആകെ വൈദ്യുതി വാങ്ങല്‍ വിലയുടെ ശരാശരി കൂടി കണക്കാക്കിയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുത താരിഫ് നിശ്ചയിച്ചിരിക്കുന്നത്.

സൗരോര്‍ജ്ജ നിലയത്തില്‍ ഉത്പാദിപ്പിച്ച്, അതതു സമയത്തെ ആവശ്യം കഴിഞ്ഞ് ഉത്പാദകര്‍ ഗ്രിഡിലേക്ക് എക്സ്പോര്‍ട്ട് ചെയ്യുന്ന വൈദ്യുതിയുടെ വില സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്നതും പകല്‍ സമയത്ത് രാജ്യത്തെ സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കണക്കാക്കിയാണ്. ആ നിരക്കനുസരിച്ചാണ് എക്സ്പോര്ട്ട് ചെയ്ത വൈദ്യുതിയുടെ വില വാര്‍ഷികമായി കണക്കാക്കി കെ എസ് ഇ ബി സോളാര്‍ ഉത്പാദകര്‍ക്ക് കൈമാറുന്നതും. പകല്‍ സമയത്ത് എക്സ്പോര്‍ട്ട് ചെയ്യുന്ന സൗരോര്‍ജ്ജ വൈദ്യുതിക്ക് പകരം പീക്ക് മണിക്കൂറുകളില്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി നല്‍കുകയാണ് കെ എസ് ഇ ബി.

വസ്തുതകള്‍ ഇതാണെന്നിരിക്കെ, മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രീമതി ശ്രീലേഖ ശ്രമിക്കുന്നത് തികച്ചും ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്.

 

Latest News