Sunday, November 24, 2024

മണിപ്പൂര്‍: ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരു തീരാക്കളങ്കം

കാണ്ഡമാല്‍ വനമേഖലയില്‍ നടന്ന ആസൂത്രിതമായ ക്രൈസ്തവ വിരുദ്ധ കലാപത്തെക്കുറിച്ചുള്ള അസുഖകരമായ കുറെ ചോദ്യങ്ങളുമായി ‘കന്ധമാല്‍: ഇന്ത്യയുടെ മതേതരത്വത്തിന് ഒരു കളങ്കം’ എന്ന പേരില്‍ എന്റെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചത് 2009 മാര്‍ച്ച് മാസത്തിലായിരുന്നു. അതിന് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 37 ലക്ഷം മാത്രം ജനസംഖ്യ വരുന്ന ഒരു നോര്‍ത്ത് ഈസ്റ്റ് ഇന്ത്യന്‍ സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന രക്തച്ചൊരിച്ചിലിനെയും, അടിച്ചമര്‍ത്തലിനെയും, അവിടെ അരങ്ങേറുന്ന അരാജകത്വത്തെയും കുറിച്ച് ‘മണിപ്പൂര്‍: ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരു കളങ്കം’ എന്ന പേരില്‍ ഈ ലേഖനം എഴുതാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനായിരിക്കുകയാണ്.

1980 മുതലുള്ള പതിറ്റാണ്ടുകള്‍ക്കിടയില്‍ മാത്രം ഇത്തരത്തിലുള്ള ചില കലാപങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1983- ല്‍ ആസാമിലെ നെല്ലിയില്‍ മുസ്‌ളീം പ്രവാസികളുടെ കൂട്ടക്കൊല, 1984- ലെ സിഖ് വിരുദ്ധ കലാപം, ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് 1993- ല്‍ അരങ്ങേറിയ ബോംബെയിലെ കലാപം, 2002- ലെ ഗുജറാത്ത് മുസ്‌ളീം വംശഹത്യ, 2013- ലെ മുസാഫര്‍നഗറിലെ കലാപം. എന്നാല്‍ മേല്‍പ്പറഞ്ഞ കലാപങ്ങള്‍ക്കൊന്നും നിയമവാഴ്ചയെ ഏറെക്കാലം സ്തംഭിപ്പിക്കാനായില്ല. ദിവസങ്ങള്‍ക്കുള്ളില്‍ പട്ടാളത്തെ വിന്യസിച്ച് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞു.

മണിപ്പൂരിലെ അരാജകത്വവും ഭരണകൂട നിസ്സംഗതയും

എന്നാല്‍ കലാപം ആരംഭിച്ച് ഒരു വര്‍ഷത്തോടടുക്കുമ്പോഴും മഹത്തായ ഇന്ത്യന്‍ ജനാധിപത്യം മണിപ്പൂരില്‍ അരാജകത്വത്തിന്റെ തടവറയില്‍ ദയനീയമായി തളര്‍ന്നുകിടക്കുകയാണ്. വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ മണിപ്പൂരില്‍ നിലയുറപ്പിച്ചിരിക്കുന്ന അമ്പതിനായിരത്തോളം വരുന്ന വലിയ സൈന്യം കലാപകാരികളെ നിയന്ത്രിക്കാന്‍ കഴിയാതെ വെറും കാഴ്ചക്കാരായി തുടരുന്നു. 2023 മെയ് മൂന്ന് വൈകിട്ട് ആരംഭിച്ച നിഷ്ടൂരമായ കൊലപാതകപരമ്പരകളും കൊള്ളിവയ്പ്പും ഇന്നും മണിപ്പൂരില്‍ നിര്‍ബാധം തുടരുന്നു. ‘മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണോ?’ എന്ന ചോദ്യം ഉയര്‍ന്നിട്ട് പതിനൊന്നു മാസങ്ങള്‍ പിന്നിട്ടിട്ടും നിയമവും നീതിയും നടപ്പാക്കാനും ക്രമസമാധാനം പാലിക്കാനും ബാധ്യതയുള്ള പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ അവരുടെ നിസ്സംഗതയും നിശബ്ദതയും തുടരുകയാണ്.

1998- ല്‍ ഗുജറാത്തിലെ ഡാങ്‌സ് ആദിവാസി മേഖലയില്‍ ക്രൈസ്തവര്‍ ആക്രമണത്തിന് ഇരയായപ്പോള്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയ് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയും ഡാങ്‌സ് സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാവുകയും ചെയ്തു. 2002- ല്‍ ഗുജറാത്ത് കലാപം ഉണ്ടായപ്പോഴും വാജ്പേയ് മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ നിര്‍ബ്ബന്ധിതനായി. അക്കാലത്ത് പ്രധാനമന്ത്രി വാജ്പേയി നടത്തിയ ശക്തമായ ഇടപെടലുകളുടെ സ്ഥാനത്ത് മണിപ്പൂര്‍ സംസ്ഥാനത്തിന്റെ ഭരണസംവിധാനം താറുമാറായി കിടക്കുമ്പോള്‍ പ്രധാനമന്ത്രി മോദി നിഷ്‌ക്രിയനായി തുടരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാകളങ്കമാണ്.

മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് വിദേശരാജ്യങ്ങളില്‍ പോയി അഭിമാനപൂര്‍വ്വം ഉദ്ഘോഷിക്കുന്ന പ്രധാനമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ കണ്മുന്നില്‍നിന്നുപോലും അനേകരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതും ചുട്ടെരിക്കുന്നതും പട്ടാളക്കാര്‍ പോലും ലജ്ജാകരമായ ആക്രമണത്തിന് ഇരയാകുന്നതും തുടരുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ മാത്രം ആറുതവണയെങ്കിലും കേരളം സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും മണിപ്പൂരില്‍ കാലുകുത്താന്‍ തയ്യാറായില്ല. മണിപ്പൂര്‍ ബോര്‍ഡറില്‍നിന്ന് കേവലം 230 കിലോമീറ്റര്‍ മാത്രം അകലെയുള്ള കസിരംഗ വന്യജീവി സങ്കേതത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് ആനസവാരിക്ക് എത്തിയപ്പോഴും കത്തിയെരിയുന്ന മണിപ്പൂരിനെ അവഗണിക്കുന്നതിനെയോര്‍ത്ത് അദ്ദേഹത്തിന് യാതൊരു സങ്കോചവുമുണ്ടായില്ല!

മണിപ്പൂരിലെ ജനസംഖ്യയുടെ 52 ശതമാനം വരുന്ന മെയ്‌തെയികള്‍ക്ക് പട്ടികവര്‍ഗ്ഗ (ടഠ) സംവരണം നല്‍കുന്നതിനെ അനുകൂലിച്ചുള്ള ഹൈക്കോടതി വിധിയെ എതിര്‍ത്തുകൊണ്ട് കുക്കി വംശജരുടെ പ്രധാന വാസമേഖലയായ ചുരാചന്ദ്പൂരില്‍ നടന്ന ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിനെ തുടര്‍ന്നാണ് മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മണിപ്പൂരിലെ 90 ശതമാനം ജനങ്ങളും അധിവസിക്കുന്ന ഇംഫാല്‍ താഴ്വരയിലെ ന്യൂനപക്ഷമായ കുക്കി വംശജര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു കാട്ടുതീപോലെയാണ് പടര്‍ന്നത്. ഇംഫാല്‍ താഴ്വരയില്‍ കുക്കികള്‍ കൂട്ടത്തോടെ അക്രമിക്കപ്പെട്ടപ്പോള്‍ താഴ്വരയ്ക്ക് വെളിയില്‍ താമസമാക്കിയ മെയ്‌തെയി വംശജരും ആക്രമിക്കപ്പെട്ടു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരമുള്ള മരണസംഖ്യ 230 ആണെങ്കിലും യഥാര്‍ഥ മരണസംഖ്യ വളരെയധികമാണെന്നതിന് വ്യക്തമായ സൂചനകളുണ്ട്. അറുപത്തിനായിരത്തിലേറെപ്പേര്‍ ഭവനരഹിതരായതില്‍ ഭൂരിഭാഗവും ക്രൈസ്തവരായ കുക്കി വംശജരാണ്. ചുരാചന്ദ്പൂര്‍, മൊറേ, കാങ്പോപി തുടങ്ങിയ മേഖലകളില്‍നിന്ന് പതിനായിരത്തിലേറെ വരുന്ന മെയ്തേയ് വംശജരും പുറത്താക്കപ്പെട്ടു. മണിപ്പൂര്‍ കലാപത്തിന്റെ ആരംഭത്തില്‍ അന്വേഷണാത്മക പ്രത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇംഫാല്‍ താഴ്വരയിലും തെക്ക് ചുരാചന്ദ്പൂരിലേയ്ക്കും വടക്ക് കാങ്പോപ്പി ജില്ലയിലേക്കും ഞാന്‍ യാത്ര ചെയ്തപ്പോള്‍ വഴിയോരങ്ങളില്‍ നൂറുകണക്കിന് കത്തിനശിച്ച വാഹനങ്ങളും ഒട്ടേറെ ബഹുനില വ്യാപാര മന്ദിരങ്ങളും തകര്‍ക്കപ്പെട്ട ഒട്ടേറെ വീടുകളും പള്ളികളും മറ്റുമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.

പരസ്പരവിരുദ്ധമായ വാദഗതികള്‍

മണിപ്പൂരില്‍ വന്നിറങ്ങുന്നതിന് മുമ്പ് മെയ് 26- ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഗുവാഹത്തിയില്‍ വച്ച് വ്യക്തമായ ഒരു പ്രസ്താവന നടത്തുകയുണ്ടായിരുന്നു. ‘കോടതി വിധിയെ തുടര്‍ന്നാണ് മണിപ്പൂരില്‍ സംഘര്‍ഷം ഉണ്ടായത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍ അതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മെയ് 17- ന് ബി.ജെ.പി സര്‍ക്കാര്‍ സുപ്രീംകോടതിക്ക് മുന്നില്‍ ഉന്നയിച്ച വാദഗതികള്‍ അമിത്ഷായുടെ വാക്കുകള്‍ക്ക് വിരുദ്ധമാണ്. മ്യാന്മറില്‍നിന്നുള്ള അനധികൃത കുടിയേറ്റത്തിന്റെയും മലമ്പ്രദേശങ്ങളിലെ നിയമവിരുദ്ധ പോപ്പി കൃഷിയുടെയും മയക്കുമരുന്ന് വ്യാപാരത്തിന്റെയും തുടര്‍ച്ചയായ വംശീയ സംഘര്‍ഷമാണ് അതെന്നാമായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്.

അതേസമയം പട്ടികവര്‍ഗ്ഗ സംവരണത്തിന് അനുകൂലമായ കോടതിവിധിയോടുള്ള എതിര്‍പ്പ് എന്ന വാദം ഒരു കുതന്ത്രം ആയിരുന്നെന്നും പ്രതിഷേധം കുക്കികള്‍ നേരിട്ടുകൊണ്ടിരുന്ന അടിച്ചമര്‍ത്തലിനെതിരെ ആയിരുന്നെന്നുമാണ് മണിപ്പൂര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് മുമ്പാകെ ബോധിപ്പിച്ചത്.

ബി.ജെ.പിയുടെ ന്യായീകരണങ്ങളും വാദഗതികളും സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളെല്ലാം ഒരുപോലെ ഏറ്റെടുക്കുകയും പത്രമാധ്യമങ്ങളിലൂടെയും ന്യൂസ് പോര്‍ട്ടലുകളിലൂടെയും അത്തരം ആശയങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. അപ്രകാരം മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ ബി.ജെ.പി – സംഘപരിവാര്‍ ആഖ്യാനം രാജ്യമെങ്ങും പ്രചരിച്ചപ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരാത്ത വിധത്തില്‍ സംസ്ഥാനവ്യാപകമായി ഇന്റര്‍നെറ്റ് നിരോധിക്കപ്പെട്ടു.

കൈകഴുകിയ നീതിപീഠം

37 ലക്ഷത്തോളം വരുന്ന മണിപ്പൂരിലെ ജനസംഖ്യയിലെ 52 ശതമാനം വരുന്ന മെയ്തേയ് വിഭാഗത്തിന് പട്ടിക വര്‍ഗ്ഗ സംവരണം നല്‍കുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള 2023 മാര്‍ച്ച് 27- ലെ ഹൈക്കോടതി വിധിക്ക് ശേഷം മെയ് മൂന്നിന് നടന്ന ആദിവാസി ഐക്യദാര്‍ഢ്യ റാലിയെ തുടര്‍ന്നാണ് മണിപ്പൂര്‍ സംഘര്‍ഷം ആരംഭിക്കുന്നത്. വിവാദപരമായ ആ ഉത്തരവ് പത്തുമാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഫെബ്രുവരി 22- ന് മണിപ്പൂര്‍ ഹൈക്കോടതി റദ്ദാക്കിയത്. ഭരണഘടനാവിരുദ്ധമായ പ്രസ്തുത വിധി മണിപ്പൂരില്‍ കലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ പദ്ധതിയുടെ ഭാഗമായിരുന്നു എന്ന സംശയത്തെ ബലപ്പെടുത്തുകയാണ്. ഒടുവില്‍ പീലാത്തോസിനെപോലെ നീതിപീഠം കൈകഴുകുകയും ചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മണിപ്പൂരില്‍ എത്തുന്നതിന്റെ തലേദിവസം മെയ് 28- ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് സുപ്രീംകോടതിയെ ധരിപ്പിച്ചത് ‘ഒടുവില്‍ നടന്ന പോരാട്ടങ്ങള്‍ മണിപ്പൂരിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലല്ല, കുക്കി തീവ്രവാദ ഗ്രൂപ്പുകളും സുരക്ഷാ സേനയും തമ്മിലാണ്’ എന്നായിരുന്നു. സംഘര്‍ഷത്തിന്റെ കാരണങ്ങളായി മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്ന ഈ വാദഗതികള്‍ അംഗീകരിക്കാന്‍ അമിത്ഷാ തയ്യാറാകാതിരുന്നിട്ടും ധാര്‍ഷ്ട്യത്തോടെ തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബിരേന്‍ സിംഗ് ചെയ്തത്.

മെയ് 30- ന് മാധ്യമങ്ങളോട് പ്രതികരിച്ച സംയുക്ത സേന മേധാവി ജനറല്‍ അനില്‍ ചൗഹാനും മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വാദത്തോട് വിയോജിക്കുകയാണ് ചെയ്തത്. ‘രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് മണിപ്പൂരില്‍ നടക്കുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ദ ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് മുന്‍ ഐബി ജോയിന്റ് ഡയറക്ടര്‍ സുശാന്ത് സിംഗിന്റെ വാക്കുകള്‍ ‘മുഖ്യമന്ത്രി ബിരേന്‍ സിംഗ് കുക്കി വിഭാഗക്കാരെ ഒന്നടങ്കം തീവ്രവാദികളായി മുദ്രകുത്തി’ എന്നായിരുന്നു. അതും ബിരേന്‍ സിംഗിന്റെ വാദഗതികള്‍ക്ക് വിരുദ്ധമായിരുന്നു.

മെയ് 21- ന്, ഇതുവരെയുണ്ടാകാത്ത വിധത്തിലുള്ള അക്രമസംഭവങ്ങള്‍ മണിപ്പൂരില്‍ ഉണ്ടാകാന്‍ കാരണം സംസ്ഥാനത്തിന്റെ സുരക്ഷാ – ഇന്റലിജന്‍സ് വീഴ്ചയാണെന്നും അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി ബിരേന്‍ സിംഗ് തുറന്നുസമ്മതിച്ചിരുന്നു. എന്നാല്‍ ആ പ്രഖ്യാപനത്തിന് ശേഷവും മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള രാഷ്ട്രത്തിന്റെ മുറവിളിയോട് സര്‍ക്കാര്‍ നിരുത്തരവാദിത്തപരമായാണ് പ്രതികരിച്ചത് എന്ന് വ്യക്തം. ജൂണ്‍ നാലിന്, പരിക്കേറ്റ ഒരു ആണ്‍കുട്ടിയുമായി പോയ ആംബുലന്‍സ് കലാപകാരികള്‍ ചുട്ടെരിക്കുകയും ബാലനും അമ്മയും ഉള്‍പ്പെടെയുള്ളവര്‍ വെന്തു മരിക്കുകയും ചെയ്ത രാജ്യത്തെ നടുക്കിയ സംഭവം ഉദാഹരണമാണ്.

ജൂണ്‍ 16- ന്, 20 സുരക്ഷാഭടന്മാര്‍ കാവല്‍ ഉണ്ടായിട്ടും കേന്ദ്ര വിദേശകാര്യ സഹമന്ത്രി രഞ്ജന്‍ സിംഗിന്റെ വസതി ചുട്ടെരിക്കപ്പെട്ട സംഭവത്തിനും രാജ്യം സാക്ഷിയായി. പോലീസിന്റെ ആയുധങ്ങള്‍ കൊള്ളയടിക്കുകയും ഇംഫാല്‍ താഴ്വരയെ ഒന്നടങ്കം ഭീകരാവസ്ഥയില്‍ നിലനിര്‍ത്തുകയും ചെയ്യുന്ന ‘അരംബായ് തെങ്കോള്‍’ പോലുള്ള തീവ്ര വര്‍ഗ്ഗീയ സംഘടനകളുടെ തേര്‍വാഴ്ചയ്ക്ക് മുന്നില്‍ സംസ്ഥാന ഭരണകൂടം സമ്പൂര്‍ണ്ണ പരാജയമായി മാറുന്നത് വീണ്ടും ലോകം തിരിച്ചറിഞ്ഞു.

അക്രമികള്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ ലക്ഷ്യമാക്കി

വാസ്തവത്തില്‍ 640- ല്‍പ്പരം ക്രൈസ്തവ ആരാധനാലയങ്ങളാണ് അക്രമപരമ്പരകള്‍ക്കിടെ ഇംഫാല്‍ താഴ്വരയില്‍ മാത്രം പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടത്. അതില്‍ 247 എണ്ണം മെയ്‌തെയി ക്രൈസ്തവരുടേതായിരുന്നു എന്നുള്ള വസ്തുത, മണിപ്പൂര്‍ കലാപം കേവലമൊരു വംശീയ സംഘര്‍ഷമായിരുന്നു എന്ന ആഖ്യാനത്തിലെ പ്രഹസനം തുറന്നുകാണിക്കുന്നു. മെയ്തേയ് പള്ളികള്‍ നശിപ്പിക്കപ്പെട്ടത് കലാപം ആരംഭിച്ച് മുപ്പത്താറ് മണിക്കൂറുകള്‍ക്കുള്ളില്‍ – മെയ് മൂന്ന്, നാല് തിയ്യതികളില്‍ – അക്രമിസംഘങ്ങള്‍ വിപുലമായ സന്നാഹങ്ങളോടെ എത്തിയാണ് എന്ന വസ്തുത നടുക്കമുളവാക്കുന്നതാണ്. മെയ്തേയ് വംശജരുടെ പള്ളിക്ക് പകരം നാഗാ വംശജരുടെ പള്ളി തകര്‍ക്കാന്‍ തുടങ്ങിയ അക്രമിസംഘത്തെ തലവന്‍ ഫോണ്‍ വിളിച്ച് തടഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നോട് വെളിപ്പെടുത്തുകയുണ്ടായി. നാഗ വംശജരെ കൂടി ശത്രുക്കളാക്കാതിരിക്കാന്‍ മെയ്തേയ് സംഘടനകള്‍ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു.

അതേസമയം മെയ്തേയ് ക്രൈസ്തവരുടെ പള്ളികള്‍ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കം ഉണ്ടായിരുന്നു എന്നുള്ളത് വ്യക്തവുമാണ്. മെയ്തേയ് ക്രൈസ്തവരുടെ പള്ളികള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടെങ്കിലും ഒരു മെയ്തേയ് ക്രൈസ്തവന്‍ പോലും കൊല്ലപ്പെട്ടിട്ടില്ല എന്ന വസ്തുത ശ്രദ്ധേയമാണ്. അക്കാരണത്താല്‍ മാധ്യമശ്രദ്ധ ഒഴിവാക്കാനായി.

ആരംഭഘട്ടത്തില്‍ മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ ക്രൈസ്തവ സഭകളെ കുറ്റപ്പെടുത്തി രംഗത്തെത്തിയ ഹിന്ദു ദേശീയവാദികളുടെ നീക്കം അവരുടെ തന്നെ രഹസ്യ അജണ്ടയ്ക്ക് തിരിച്ചടിയായി. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മെയ് 16 ലക്കത്തിലെ മുഖപ്രസംഗത്തില്‍ ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണ് മണിപ്പൂര്‍ കലാപമെന്ന് ആരോപിക്കുകയുണ്ടായിരുന്നു. യാഥാര്‍ഥ്യങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനും മെയ്തേയ് ക്രൈസ്തവ സഭകളെ പോലും തെറ്റിദ്ധരിപ്പിക്കാനുമുള്ള സംഘപരിവാറിന്റെ സ്ഥിരം ശൈലിയിലുള്ള കുതന്ത്രമായേ ആ നീക്കത്തെ കാണാനാവൂ. ഇത്തരമൊരു പ്രചാരണം ആരംഭഘട്ടത്തില്‍ ഉണ്ടായത് മണിപ്പൂര്‍ അക്രമസംഭവങ്ങള്‍ സംബന്ധിച്ച് പൊതുസമൂഹത്തിനിടയില്‍ ആശയക്കുഴപ്പങ്ങള്‍ രൂപപ്പെടാന്‍ കാരണമായിരുന്നു.

ഒഡീഷയിലെ കന്ധമാലില്‍ അരങ്ങേറിയ ക്രിസ്ത്യന്‍ വംശഹത്യയുമായി ഒട്ടേറെ സാമ്യങ്ങള്‍ മണിപ്പൂര്‍ സംഘര്‍ഷത്തിനുണ്ട്. 2008- ല്‍ കന്ധമാലില്‍ തീവ്ര ഹിന്ദു ദേശീയവാദികള്‍ നടപ്പാക്കിയ പദ്ധതികളുടെ ആവര്‍ത്തനം ഇവിടെയും കാണാം. കന്ധമാലില്‍ നടന്നതിന് സമാനമായി ഇനി അങ്ങോട്ട് മടങ്ങിവരില്ല എന്ന സമ്മതപത്രം മണിപ്പൂരില്‍ തകര്‍ക്കപ്പെട്ട പള്ളികളിലെ പാസ്റ്റര്‍മാരില്‍നിന്ന് എഴുതിവാങ്ങി. പള്ളികള്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കാനെത്തിയവര്‍ക്ക് പോലീസിന്റെ ഭാഗത്തുനിന്നുള്ള ഭീഷണികള്‍ നേരിടേണ്ടതായി വന്നതിനൊപ്പം ഭാഗികമായി തകര്‍ക്കപ്പെട്ട അവരുടെ പള്ളികള്‍ അക്രമിസംഘങ്ങള്‍ വീണ്ടുമെത്തി പൂര്‍ണ്ണമായി തകര്‍ക്കുകയും ചെയ്തു.

മണിപ്പൂരില്‍ സംഭവിച്ച ധ്രുവീകരണം

മണിപ്പൂരില്‍ സംഭവിച്ച പൂര്‍ണ്ണമായ ധ്രുവീകരണം കുക്കി പീപ്പിള്‍സ് അലയന്‍സ് എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി വിത്സണ്‍ ലാലം ഹാങ്ഷിങ്ങിന്റെ വാക്കുകളില്‍നിന്ന് വ്യക്തമാണ്. ‘കുക്കികള്‍ താഴ്വര ഉപേക്ഷിച്ചു, മെയ്‌തെയികള്‍ മലയോരമേഖലകളും ഉപേക്ഷിച്ചു, അകല്‍ച്ച പൂര്‍ത്തിയായി.’ മണിപ്പൂരിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മുന്‍കാലങ്ങളില്‍ നടന്നിട്ടുള്ള പോരാട്ടങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന സംഘര്‍ഷമല്ല ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്. നികത്താനാവാത്ത വിധത്തിലുള്ള വലിയ വിടവ് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പൂര്‍വ്വാവസ്ഥയിലേയ്ക്ക് ഇനിയൊരുമടക്കം എളുപ്പമല്ല. ഇത്രയൊക്കെയായിട്ടും ഭരണകൂടം മൗനം നിഗൂഢമായി തുടരുകയാണ്. 2014- ല്‍ പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റ ശേഷം അറുപത് തവണയെങ്കിലും നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച മോദി മണിപ്പൂരിലെ രക്തച്ചൊരിച്ചിലിനെപ്പറ്റി ഒരു ട്വീറ്റ് പോലും ഇനിയും ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഇത്തരത്തിലുള്ള അനിര്‍വചനീയമായ മൗനത്തിനു പിന്നില്‍ മണിപ്പൂരില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന തീവ്ര ഹിന്ദുത്വ ദേശീയ പ്രത്യയശാസ്ത്രത്തിന് പങ്കുണ്ട്. ക്രമസമാധാനം പാലിക്കാനായി സൈന്യത്തിന് കര്‍ശന നിര്‍ദ്ദേശവും അധികാരവും നല്‍കിയിരുന്നെങ്കില്‍ അരംബായി തെങ്കോള്‍ പോലുള്ള തീവ്ര വര്‍ഗീയ സംഘടനകള്‍ക്ക് തങ്ങളുടെ ലക്ഷ്യം നേടാന്‍ കഴിയുമായിരുന്നില്ല. ഒരു മുഖ്യമന്ത്രി എന്ന നിലയിലുള്ള ചുമതലകളില്‍ വന്‍ വീഴ്ച വരുത്തിയ ബിരേന്‍ സിംഗിനെതിരെ നടപടി സ്വീകരിക്കുന്നതിലും ദേശീയ ബി.ജെ.പി നേതൃത്വം വീഴ്ച വരുത്തുകയാണുണ്ടായത്. മണിപ്പൂരിലെ ഭൂരിപക്ഷമായ മെയ്‌തെയികളുടെ പിന്തുണ നഷ്ടപ്പെടുമെന്ന ആശങ്കയും മെയ്തേയ് തീവ്രവാദ സംഘടനകളോടുള്ള ഭയവുമാണ് ബി.ജെ.പി നേതൃത്വത്തിനുള്ളത് എന്ന് വ്യക്തം.

ജനാധിപത്യം അവഹേളിക്കപ്പെടുന്നു

കഴിഞ്ഞ ജനുവരി 24- ന് ഇംഫാലിലെ ചരിത്രപ്രസിദ്ധമായ കാംഗ്ള കോട്ടയില്‍ ഇന്ത്യന്‍ ജനാധിപത്യം അക്ഷരാര്‍ഥത്തില്‍ ചവിട്ടിയരയ്ക്കപ്പെടുന്നതിനും മണിപ്പൂര്‍ സാക്ഷ്യം വഹിച്ചു. മണിപ്പൂരിലെ 37 മെയ്‌തെയ് എം.എല്‍.എമാരും രണ്ട് എം.പിമാരുമടങ്ങുന്ന ജനപ്രതിനിധികളെ അരംബായി തെങ്കോള്‍ എന്ന സംഘടന അന്ന് കാംഗ്ള കോട്ടയിലേക്ക് വിളിച്ചുവരുത്തിയത് ‘മണിപ്പൂരിനെ രക്ഷിക്കാനുള്ള’ പ്രതിജ്ഞയില്‍ ഒപ്പുവയ്ക്കാനായിരുന്നു. എം.പിമാരില്‍ ഒരാള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കൂടിയായ ലോക്‌സഭാ എം.പി ആര്‍. കെ. രഞ്ജന്‍ സിംഗും രണ്ടാമത്തെയാള്‍ അരംബായി തെങ്കോള്‍ സംഘടനയുടെ രക്ഷാധികാരി കൂടിയായ രാജ്യസഭാ എം.പി ലെയ്ഷെംബ സനാജയോബയും ആയിരുന്നു. മണിപ്പൂര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ എം.എല്‍.എ കെ. മേഘചന്ദ്ര പ്രതിജ്ഞയില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചപ്പോള്‍ മെയ്തേയ് ഭീകരര്‍ അദ്ദേഹത്തെ ആക്രമിച്ചു.

അത് തടയാന്‍ മുന്നോട്ടുവന്ന രണ്ട് ബി.ജെപി എം.എല്‍.എമാരെയും യൂണിഫോംധാരികളായ തീവ്രവാദികള്‍ വെറുതെ വിട്ടില്ല. അപ്പോള്‍ കേന്ദ്ര സുരക്ഷാ സേനയും, മണിപ്പൂര്‍ പോലീസും വെറും കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. ഇതിനെ ജനാധിപത്യം എന്ന് വിശേഷിപ്പിക്കാന്‍ കഴിയുമോ? മണിപ്പൂരിനെ ഇതുപോലൊരു അരാജകത്വത്തിലേയ്ക്ക് തള്ളിവിട്ടതിനും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖത്ത് മായ്ക്കാനാവാത്ത കരിനിഴല്‍ വീഴ്ത്തിയതിനും ആരാണ് ഉത്തരവാദികള്‍?

മണിപ്പൂര്‍ കലാപം ഒരു വര്‍ഷം പിന്നിടുമ്പോള്‍ മണിപ്പൂരില്‍ സംഭവിച്ചവയുടെ സൂക്ഷ്മമായ വിശകലനം. 2023 ന് മുമ്പ് വരെ മണിപ്പൂരില്‍ അരങ്ങേറിയിട്ടുള്ള മറ്റു പോരാട്ടങ്ങളില്‍നിന്ന് ഇപ്പോഴത്തെ കലാപം എപ്രകാരമാണ് വ്യത്യസ്തമായിരിക്കുന്നത് എന്ന് ലേഖകന്‍ വ്യക്തമാക്കുന്നു. മണിപ്പൂരിലെ അരാജകത്വത്തിന് പിന്നില്‍ ഭരണകൂടത്തിന്റെ നിസംഗത മുഖ്യകാരണമാണ്. ബിജെപി ഭരണകൂടത്തിനും തീവ്രഹിന്ദുത്വ സംഘടനകള്‍ക്കും മണിപ്പൂരിന്റെ തകര്‍ച്ചയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല എന്നാണ് ലേഖകന്റെ നിരീക്ഷണം.

ആന്റോ അക്കര

Latest News