Sunday, November 24, 2024

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ഒരാള്‍ കസ്റ്റഡിയില്‍

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാന്‍ഡ്‌ലോവയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് ഫിക്കോയുടെ അടിവയറ്റില്‍ വെടിയേറ്റത്. അദ്ദേഹത്തെ ഉടനെ ആശുപത്രിയിലേക്കു മാറ്റി.

ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് അദ്ദേഹം ബോധവാനായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെന്നു സംശയിക്കുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ഫിക്കോ സ്ലോവാകിയയിലെ സെന്‍ട്രല്‍ ടൗണായ ഹാന്‍ഡ്ലോവയിലെ ഒരു സാംസ്‌കാരിക കമ്മ്യൂണിറ്റി സെന്ററിന് മുന്നില്‍ ആളുകളെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിക്കോയുടെ വയറിലും കൈയിലും കാലിലുമാണ് വെടിയേറ്റത്. വെടിയേറ്റ ഉടന്‍ തന്നെ ഫിക്കോയെ ഹെലികോപ്റ്ററില്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് ബൈസ്ട്രിക്കയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍ നിന്ന് ഏകദേശം 180 കിലോമീറ്റര്‍ (112 മൈല്‍) വടക്കുകിഴക്കായാണ് ഹാന്‍ഡ്‌ലോവ സ്ഥിതി ചെയ്യുന്നത്. ബ്രാറ്റിസ്ലാവയിലേക്ക് പ്രധാനമന്ത്രിയെ മാറ്റുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്നും അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് മനസിലാക്കിയതിനാല്‍ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തുവെന്നും അധികൃതര്‍ പറഞ്ഞു. നിര്‍ണായകമായ യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മുമ്പാണ് വെടിവെപ്പ്.

ആക്രമണം ഭയാനകമാണെന്ന് സ്ലോവാക്യയുടെ നിയുക്ത പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിനി പ്രതികരിച്ചു. ‘വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായത്തോടുള്ള വിദ്വേഷം എവിടെയെത്തുമെന്നതില്‍ എനിക്ക് ഭയമുണ്ട്. ഞങ്ങള്‍ എല്ലാ കാര്യങ്ങളോടും യോജിക്കേണ്ടതില്ല, പക്ഷേ നിങ്ങളുടെ വിയോജിപ്പ് ജനാധിപത്യപരമായും നിയമപരമായും പ്രകടിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്,’ അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് സുസാന കപുട്ടോവ പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തെ അപലപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് അടക്കമുള്ള മറ്റ് പല യൂറോപ്യന്‍ നേതാക്കളും ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1993 ല്‍ സ്ലോവാക്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന ആദ്യ നേതാവെന്ന റെക്കോര്‍ഡോടെ പ്രധാനമന്ത്രി പദത്തിലെത്തിയ വ്യക്തിയാണ് ഫിക്കോ. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവ് എന്ന റെക്കോര്‍ഡും ഇദ്ദേഹത്തിന് സ്വന്തമാണ്.

ഫിക്കോയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും റഷ്യന്‍ അനുകൂല നിലപാടുള്ള ഇടത് നേതാവെന്ന നിലയില്‍ അമേരിക്കന്‍ വിരുദ്ധത മുഖമുദ്രയാക്കിയ പ്രധാനമന്ത്രിയെന്ന നിലയില്‍ ഫിക്കോയുടെ നയങ്ങളോട് എതിര്‍പ്പുള്ളവര്‍ രാജ്യത്ത് ഏറെയുണ്ട്. കൂടാതെ അദ്ദേഹം, റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്‌ക്കൊപ്പം പരസ്യമായി നിലയുറപ്പിക്കുകയും യുക്രൈയ്‌നെ പിന്തുണയ്ക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Latest News