Sunday, November 24, 2024

പൗരത്വ നിയമ ഭേദഗതി പ്രകാരം അപേക്ഷിച്ചവരില്‍ പതിനാലുപേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് പൗരത്വ നിയമ ഭേദഗതി (സിഎഎ) പ്രകാരം അപേക്ഷിച്ചവരില്‍ പതിനാലുപേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ന്യൂഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് അപേക്ഷിച്ച ആദ്യ സംഘത്തിന് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഡല്‍ഹി സെന്‍സസ് ഓപ്പറേഷന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി നടത്തിയ പരിശോധനയ്ക്കുശേഷമാണ് ഇവര്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനിച്ചത്.

ഈ വര്‍ഷം തന്നെ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം അനുസരിച്ച്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ഹിന്ദു, സിഖ്, പാര്‍സി, ബുദ്ധ, ജൈന, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം അനുവദിക്കും. എന്നാല്‍, മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരെയും ശ്രീലങ്കന്‍ അഭയാര്‍ഥികളെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മാര്‍ച്ച് 11-നാണ് പൗരത്വ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദനാമായിരുന്നു സിഎഎ നടപ്പാക്കും എന്നത്. ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിലും സിഎഎ ബിജെപി മുഖ്യ പ്രചാരണായുധമാക്കിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടം പിന്നിട്ട സാഹചര്യത്തിലാണ് പൗരത്വ നിയമം നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം, സിഎഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാരും മുസ്ലിം ലീഗും ഇടത് പാര്‍ട്ടികളും അടക്കം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 236-ഓളം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിണനയിലുള്ളത്.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാരിനെ വിലക്കണമെന്നാവശ്യപ്പെട്ടാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്. സംസ്ഥാനത്ത് എന്‍സിആര്‍ നടപ്പിലാക്കില്ലെന്ന് ആദ്യമായി പ്രഖ്യാപിച്ചതും കേരള സര്‍ക്കാരാണ്.

 

Latest News