രാജവാഴ്ചയെ വിമര്‍ശിച്ചതിന് ജയിലിലായ യുവ അവകാശ പ്രവര്‍ത്തക ജയിലില്‍ മരിച്ചതിന് പിന്നാലെ തായ്ലന്ഡില് പ്രതിഷേധം. രാജവാഴ്ചയെ വിമര്‍ശിച്ചതിന് ജയിലില്‍ അടയ്ക്കപ്പെട്ടതിന് പിന്നാലെ നിരാഹാര സമരം നയിച്ച 28കാരിയായ നെറ്റിപ്പൊണ്‍ സനേസാങ്ക്തോമാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. 65 ദിവസം നീണ്ട നിരാഹാര സമരത്തിന് പിന്നാലെയാണ് 28കാരി ജയിലില്‍ വച്ച് മരിച്ചത്.
പെട്ടന്നുണ്ടായ ഹൃദയസ്തംഭനമാണ് 28കാരിയുടെ മരണത്തിന് കാരണമായതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. എന്നാല്‍ 28കാരിയുടെ മരണവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നിയമ വ്യവസ്ഥയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകളാണ് പ്രതിഷേധിക്കുന്നത്. ആരോഗ്യനില മോശമായ 28കാരിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്നാണ് ജയില്‍ അധികൃതര്‍ വിശദമാക്കിയത്. മരണ കാരണം സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്മോര്‍ട്ടം നടത്തിയതായും അധികൃതര്‍ വിശദമാക്കിയിരുന്നു.
താലു വാംഗ് എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകയായിരുന്നു 28കാരിയായ നെറ്റിപ്പൊണ്‍ സനേസാങ്ക്തോം. രാജാവിനെയും രാജ്ഞിയേയും അവകാശിയേയും വിമര്‍ശിക്കുന്നവര്‍ക്ക് രൂക്ഷമായ ശിക്ഷ നേരിടുന്ന നിയമ സംവിധാനത്തിനെതിരെ നിരന്തര പോരാട്ടം നടത്തുന്ന സംഘടനകളിലൊന്നാണ് താലു വാംഗ്. രാജ വാഴ്ചയെ വിമര്‍ശിക്കുന്നവര്‍ക്ക് 15 വര്‍ഷത്തെ തടവ് ശിക്ഷയാണ് തായ്ലാന്ഡില് നല്‍കുന്നത്. 28കാരിയുടെ മരണത്തിന് രാജവാഴ്ചയാണ് കാരണക്കാരെന്ന് ആരോപിച്ചാണ് തായ്ലാന്ഡില് പ്രതിഷേധം ശക്തമാവുന്നത്.
2020ല്‍ രാജ്യവ്യാപകമായി യുവജനങ്ങള്‍ ഭാഗമായ പ്രതിഷേധത്തില്‍ സജീവമായിരുന്നു നെറ്റിപ്പൊണ്‍ സനേസാങ്ക്തോം. രാജവാഴ്ചയെ പരസ്യമായി വിമര്‍ശിച്ചുകൊണ്ടുള്ള ആദ്യ പ്രതിഷേധമായിരുന്നു 2020 ല്‍ രാജ്യവ്യാപകമായി നടന്നത്. ജനുവരി 26നാണ് നെറ്റിപ്പൊണ്‍ സനേസാങ്ക്തോമിനെ ജയിലില്‍ അടച്ചത്. വിചാരണ നേരിടുന്നതിനായിരുന്നു ഇത്. 7 കുറ്റകൃത്യങ്ങളായിരുന്നു 28കാരിക്കെതിരെ ആരോപിച്ചിരുന്നത്. 2022ല്‍ 94 ദിവസം നെറ്റിപ്പൊണ്‍ സനേസാങ്ക്തോം ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നു. ഈ സമയത്തും നിരാഹാര സമരം നടത്തിയ 28കാരിക്ക് ജാമ്യം നല്‍കിയിരുന്നു.
അടുത്തിടെയാണ് ഈ ജാമ്യം റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് യുവതി വീണ്ടും ജയിലിലായത്. ചൊവ്വാഴ്ച 28കാരിയുടെ മരണത്തില്‍ നീതി വേണമെന്ന് ആവശ്യപ്പെട്ട് മെഴുകുതിരികളുമായി ആയിരങ്ങളാണ് ബാങ്കോക്കില്‍ സംഘടിച്ചെത്തിയത്. യുവതിയുടെ മരണത്തില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ മറുപടി നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.