നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താറുള്ള ആദ്യ സംവാദം ജൂണ്‍ 27ന് നടക്കും. സംവാദത്തില്‍ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ജോ ബൈഡനും മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സി.എന്‍.എന്‍ ചാനലിന്റെ ക്ഷണം സ്വീകരിക്കുന്നതായി ഇരു സ്ഥാനാര്‍ഥികളും അറിയിച്ചു. ഇരുവരും തമ്മിലുള്ള രണ്ടാമത്തെ സംവാദം സെപ്റ്റംബര്‍ 10ന് നടക്കും.
സി.എന്‍.എന്‍ ക്ഷണം സ്വീകരിച്ച ബൈഡന്, സംവാദത്തിന് തയാറാകാന്‍ എക്സിലൂടെ ട്രംപിനോട് ആവശ്യപ്പെടുകയായിരുന്നു. ഏത് സമയത്തും ഏത് സ്ഥലത്തും സംവാദത്തിന് തയാറാണെന്നും ബൈഡന് വ്യക്തമാക്കി.
സെപ്റ്റംബര്‍ 10ന് നടക്കുന്ന സംവാദത്തില്‍ പങ്കെടുക്കാന്‍ തയാറാണെന്ന് ട്രംപ് മറുപടി നല്കി. സ്വന്തം വിമാനത്തില്‍ താന്‍ വരുമെന്നും ബൈഡന് സ്വന്തം ചെലവില്‍ സംവാദത്തിന് വരണമെന്നും ട്രംപ് വ്യക്തമാക്കി. താന്‍ അടുത്ത നാലുവര്‍ഷം പ്രസിഡന്റ് ആകാനുള്ള തയാറെടുപ്പിലാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
കാപ്പിറ്റോല്‍ ഹില്‍ ആക്രമണം, പീഡനം അടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ നേരിടുകയാണ് ട്രംപ്. യുക്രെയ്ന്, ഗസ വിഷയങ്ങളിലെടുത്ത നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ ബൈഡന് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.