Monday, November 25, 2024

സംസ്ഥാനത്ത് വരൾച്ച മൂലം കാർഷിക മേഖലയിൽ സംഭവിച്ചത് 275 കോടിയുടെ നഷ്ടം

സംസ്ഥാനത്ത് കാർഷിക മേഖലയിൽ വരൾച്ച മൂലം 275 കോടിയുടെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. ഫെബ്രുവരി ഒന്നു മുതൽ മേയ് 15 വരെയുള്ള കണക്ക് കൃഷിവകുപ്പാണ് പുറത്തുവിട്ടത്. മൊത്തത്തിൽ 51,347 കർഷകരുടെ 20,116.19 ഹെക്ടറിലെ കൃഷിക്കാണ് നാശം വരൾച്ച മൂലം സംഭവിച്ചത്. ഇടുക്കിയിലാണ് കൂടുതൽ കൃഷി നാശം സംഭവിച്ചത്.

വരൾച്ച വൻ നഷ്ടമുണ്ടാക്കിയത് പ്രധാനമായും ഏലക്കൃഷിയിൽ ആയിരുന്നു. ഏറ്റവും കുറവു നഷ്ടം എറണാകുളത്താണ്. 95.45 ലക്ഷം രൂപയുടെ കൃഷി നാശം ആണ് എവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 755 കർഷകരുടെ 29 ഹെക്ടറിലെ കൃഷി ഇവിടെ നശിച്ചു. ആലപ്പുഴയിൽ 1313.68 ഹെക്ടറിലെ കൃഷിയും കണ്ണൂരിൽ 9.48 കോടിയുടെ കൃഷിയും കാസർഗോഡ് 2,336 ഹെക്ടറിലെ കൃഷിയും വരൾച്ച മൂലം നശിച്ചു.

കാർഷിക മേഖലയിലെ ഇത്രയധികം നാശനഷ്ടം സംഭവിച്ചതിനാൽ കാർഷിക വായ്പയിൽ പലിശ ഇളവ് ലഭ്യമാക്കുവാൻ ബാങ്കുകളോട് ആവശ്യപ്പെടുകയും പ്രത്യേക പാക്കേജിനായി കേന്ദ്രസർക്കാരിനെ സമീപിക്കുകയും ചെയ്യും എന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. വരൾച്ചയെ പ്രതിരോധിക്കുന്ന വിത്തുകളും തൈകളും വികസിപ്പിക്കുന്നതിന് ഗവേഷണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Latest News