Sunday, November 24, 2024

കുട്ടികളെ പരിശീലിപ്പിക്കാവുന്ന ഏഴ് പെരുമാറ്റരീതികൾ

ഒരു രക്ഷിതാവിന് തന്റെ കുട്ടിക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണ് മറ്റുള്ളവരോട് നന്നായി പെരുമാറുവാൻ അവരെ പഠിപ്പിക്കുക എന്നത്. സമൂഹം വികസിക്കുമ്പോൾ, മക്കളുടെ പെരുമാറ്റത്തിലും മാന്യതയും അച്ചടക്കവും വളർത്തിയെടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. പ്രായത്തിനനുസരിച്ചുള്ള പക്വതയും ശീലങ്ങളും കുട്ടികളെ പരിശീലിപ്പിക്കണം. അപ്രകാരം കുട്ടികളെ പരിശീലിപ്പിക്കാവുന്ന ഏഴ് പെരുമാറ്റരീതികൾ ഇതാ…

1. ചില വാക്കുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യം

ചില വാക്കുകൾ ഉപയോഗിക്കാൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടത് ആവശ്യമാണ്. ‘ദയവായി’, ‘നന്ദി’ തുടങ്ങിയ വാക്കുകൾ, സാഹചര്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക. വീട്ടിൽ നിന്നുതന്നെ ഇത്തരം പരിശീലനങ്ങൾ കൊടുക്കുക. പുറത്തു പോകുമ്പോഴോ, സമ്മാനം സ്വീകരിക്കുമ്പോഴോ, സുഹൃത്തുക്കളോടൊത്ത് സമയം ചെലവഴിക്കുമ്പോഴോ ഒക്കെ ഈ പെരുമാറ്റരീതികൾ പ്രാവർത്തികമാക്കുക. ഇതിൽ മാതാപിതാക്കൾ മക്കൾക്ക് വേണ്ട പ്രോത്സാഹനം നൽകുക.

2. മറ്റുള്ളവരെ അംഗീകരിക്കാൻ പഠിക്കുക

ഇന്ന് പല കുട്ടികൾക്കും ടെക്‌നിക്കൽ കാര്യങ്ങളിൽ പലതും അറിയാം. എന്നാൽ, മറ്റുള്ളവരോട് നന്നായി പെരുമാറാനോ, ഇടപെടാനോ അറിയില്ലായിരിക്കാം. മുതിർന്നവരെ ബഹുമാനിക്കാനും അവരോട് നല്ല രീതിയിൽ ഇടപെടാനും പഠിക്കേണ്ടത് ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് അവശ്യം വേണ്ട ഒന്നാണ്.

3. ആവശ്യമുള്ളവർക്കു വേണ്ടി നിലകൊള്ളുക

കുട്ടികളും മുതിർന്നവരും ഒരുപോലെ പ്രായമായവർക്കും ആവശ്യത്തിലായിരിക്കുന്ന മറ്റുള്ളവർക്കും വേണ്ടി നിലകൊള്ളാനും അവരെ സഹായിക്കാനും ശ്രമിക്കേണ്ടത് ആവശ്യമാണ്. കുട്ടികൾ പൊതുസ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ മറ്റുള്ളവരെ ശ്രദ്ധിക്കേണ്ടതുണ്ട്, അവരെ സഹായിക്കേണ്ടതുണ്ട് എന്നൊക്കെയാണ്. ഇത്തരം ശീലങ്ങൾ അവരിൽ വളർത്തിയെടുക്കണം.

4. ഭക്ഷണമേശയിലെ മര്യാദകൾ അഭ്യസിക്കുക

മൊബൈലിൽ നോക്കി ഭക്ഷണം കഴിക്കുന്ന രീതി ഇന്ന് വീട്ടിലായാലും പുറത്തായാലും വർദ്ധിച്ചുവരികയാണ്. പലരും ഭക്ഷണമേശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന രീതി കുറയുന്നു. ഈ ഒരു സാഹചര്യത്തിൽ ഭക്ഷണമേശയിലെ മര്യാദകൾ കുട്ടികളെ അഭ്യസിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

5. പോസ്റ്റു ചെയ്യുന്നതിന് മുമ്പ് ചോദിക്കുക

സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗത്താൽ ഇന്ന് ഒരുപാട് പ്രശ്നങ്ങൾ കുട്ടികൾ അഭിമുഖീകരിക്കുന്നുണ്ട്. കുട്ടികൾ അവർക്ക് ഇഷ്ടപ്പെട്ട പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിരവധി നിയമങ്ങളുണ്ട്. മുതിർന്നവരോടും കൂടി അഭിപ്രായം ചോദിക്കാതെ വാർത്തകളോ, ഫോട്ടോകളോ വിവരങ്ങളോ പങ്കിടരുതെന്ന് നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക.

6. മറ്റുള്ളവരുടെ ആവശ്യങ്ങളിൽ താൽപര്യം കാണിക്കുക

ചില സമയങ്ങളിൽ സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ജീവിതം നയിക്കുന്നവരാണ് മക്കൾ. മറ്റുള്ളവരുടെ ആവശ്യങ്ങൾ, വിഷമങ്ങൾ എന്നിവ അവർ അറിയാറില്ല. ഇത്തരം പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മറ്റുള്ളവരിൽ താൽപര്യം കാണിക്കേണ്ടതിന്റെ പ്രാധാന്യം അവർ മനസിലാക്കണം. മറ്റുള്ളവരോട് അവരുടെ ആവശ്യങ്ങൾ, സഹായങ്ങൾ ഒക്കെ ചോദിച്ചറിയാൻ മക്കളെ പ്രോത്സാഹിപ്പിക്കുക.

7. വിശാലഹൃദയത്തോടെ പങ്കുവയ്ക്കുക

കുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ മറ്റുള്ളവരുമായി പങ്കിടാൻ വിമുഖതയുണ്ടാകാം. നിങ്ങളുടെ മക്കൾക്ക് അവരുടെ കളിപ്പാട്ടങ്ങൾ, സമ്മാനങ്ങൾ, ആശയങ്ങൾ എന്നിവ മറ്റുള്ളവരുമായി പങ്കിടേണ്ടതിന്റെ പ്രാധാന്യം അറിയാമെന്ന് ഉറപ്പാക്കുക. ഇത് ത്യാഗത്തിന്റെ മഹത്തായ പാഠം മാത്രമല്ല, തങ്ങളേക്കാളും അവരുടെ കുടുംബത്തേക്കാളും വലിയ ഒരു കാര്യമാണെന്ന് തിരിച്ചറിയാൻ മക്കളെ പ്രോത്സാഹിപ്പിക്കും.

Latest News