അഫ്ഗാനിസ്ഥാനിലെ സെന്‍ട്രല്‍ ബാമിയാന്‍ പ്രവിശ്യയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണത്തില്‍ മൂന്ന് സ്പാനിഷ് വിനോദസഞ്ചാരികള്‍ കൊല്ലപ്പെടുകയും ഒരു സ്‌പെയിന്‍കാരന് പരിക്കേല്‍ക്കുകയും ചെയ്തതായി സ്‌പെയിന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി താലിബാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുള്‍ മതീന്‍ ഖനി പറഞ്ഞു. മൂന്ന് വിദേശ വിനോദ സഞ്ചാരികളെ കൂടാതെ ഒരു അഫ്ഗാന്‍ പൗരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നാല് വിദേശികള്‍ക്കും മൂന്ന് അഫ്ഗാനികള്‍ക്കും പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021ല്‍ താലിബാന്‍ അധികാരം ഏറ്റെടുത്തതിന് ശേഷം വിദേശ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഏറ്റവും ഗുരുതരമായ ആക്രമണമായിരുന്നു വെള്ളിയാഴ്ച നടന്നത്.