Sunday, November 24, 2024

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു; കോപ്റ്റര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഇറാന്‍ പ്രസിഡന്റ് ഇബ്രഹാം റൈസി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. റൈസിക്കൊപ്പം വിദേശകാര്യമന്ത്രി ഹൊസൈന്‍ അബ്ദുള്ള അമീര്‍ ഹിയാനും മരണപ്പെട്ടിട്ടുണ്ട്. ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും എന്നാല്‍ അവിടെ ജീവന്റെ അവശേഷിപ്പില്ലെന്നും ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ക്ക് അടുത്തെത്തിയതായും റെഡ് ക്രസന്റ് സൊസൈറ്റിയുടെ പിര്‍ ഹോസിന്‍ കൂലിവന്ദ് അറിയിച്ചു.

അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കിലും സ്ഥിതി വളരെ മോശമാണെന്ന സൂചനയാണ് പിര്‍ ഹോസിന്‍ നല്‍കുന്നത്. നൂതനമായ ഉപകരണങ്ങളുമായി 73 രക്ഷാപ്രവര്‍ത്തക ഗ്രൂപ്പുകളാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ തവാല്‍ ഗ്രാമത്തിലുള്ളതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഹെലികോപ്റ്ററിന്റെ മുഴുവന്‍ ക്യാബിനുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും കത്തി നശിക്കുകയും ചെയ്‌തെന്നും മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.

റൈസി സഞ്ചരിച്ച ഹെലികോപ്റ്ററിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങളില്‍ നിന്ന് ഒരു ടര്‍ക്കിഷ് ഡ്രോണ്‍ താപ സ്രോതസ് കണ്ടെത്തിയിരുന്നു. ഇറാന്റെ റെവലൂഷണറി ഗ്വാര്‍ഡ്സ് കോര്‍പ്സ് കമാന്‍ഡറെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ ഇര്‍നയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താപസ്രോതസ് കണ്ടെത്തിയ പ്രദേശത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. പാറക്കെട്ടുകളും കുന്നുകളും നിറഞ്ഞ പ്രദേശമാണിതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

മോശം കാലാവസ്ഥ തെരച്ചിലിന് പ്രതികൂലമാണെന്ന് ഐആര്‍സിഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റാസിഹ് അലിഷ്വാന്ദി പറഞ്ഞു. മോശം കാലാവസ്ഥയും പ്രദേശം ഗതാഗതയോഗ്യമല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് പിര്‍ഹോസിന്‍ കൂലിവന്ദ് പ്രതികരിച്ചിരുന്നു. കനത്ത മൂടല്‍ മഞ്ഞിനിടയിലൂടെ രക്ഷാ പ്രവര്‍ത്തകര്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്‍ പുറത്തുവിട്ടു.

പ്രസിഡന്റിന്റെ ജീവനുവേണ്ടി പ്രാര്‍ഥിക്കണമെന്ന് ഇറാന്‍ സൈന്യം അഭ്യര്‍ഥിച്ചിരുന്നു. അസര്‍ബൈജാനുമായുള്ള അതിര്‍ത്തിയിലെ അണക്കെട്ട് തുറക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇബ്രാഹിം റൈസി അപകടത്തില്‍പ്പെട്ടത്. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലി കൂടി പങ്കെടുത്ത ചടങ്ങ് കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു റൈസി.

വര്‍സാഖാന്‍ പര്‍വത മേഖലയിലെ ഡിസ്മര്‍ കാടിനു സമീപം ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയതായാണ് വിവരം. വടക്കു പടിഞ്ഞാറന്‍ ഇറാനിലെ വനമേഖലയില്‍ ഹെലികോപ്റ്റര്‍ കാണാതായ വിവരം ഇറാന്‍ ആഭ്യന്തരമന്ത്രി അഹമ്മദ് വാഹിദി സ്ഥിരീകരിച്ചു. പ്രദേശത്ത് ശബ്ദങ്ങള്‍ സമീപവാസികള്‍ കേട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന (ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി) ഇറാന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹെലികോപ്റ്ററിന്റെ കൃത്യമായ സ്ഥാനം ഇപ്പോഴും അജ്ഞാതമാണെന്നു സംഭവം നടന്നതെന്നു കരുതപ്പെടുന്ന മേഖലയില്‍നിന്ന് ഐആര്‍ഐബി (ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ്) ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടന്ന സ്ഥലത്തെ ദുര്‍ഘടമായ ഭൂപ്രകൃതിയും ദുഷ്‌കരമായ കാലാവസ്ഥയും കാരണം രക്ഷാപ്രവര്‍ത്തനത്തിനും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

 

Latest News