തനിക്കും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് തേടാനുള്ള ഐസിസി പ്രോസിക്യൂട്ടറുടെ തീരുമാനം അസംബന്ധമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേലിനെ മുഴുവന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും നെതന്യാഹു ആരോപിച്ചു.
‘ഹേഗിലെ പ്രോസിക്യൂട്ടറുടെ ജനാധിപത്യ ഇസ്രായേലും ഹമാസിന്റെ കൂട്ടക്കൊലയാളികളും തമ്മിലുള്ള താരതമ്യം ഞാന്‍ അറപ്പോടെ തള്ളിക്കളയുന്നു. ഞങ്ങളുടെ സഹോദരങ്ങളെ കൊലപ്പെടുത്തുകയും കത്തിക്കുകയും കശാപ്പ് ചെയ്യുകയും ശിരഛേദം ചെയ്യുകയും ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഹമാസിനെ യുദ്ധത്തില്‍ പോരാടുന്ന ഇസ്രായേല്‍ സൈനികരോട് താരതമ്യം ചെയ്തത് ഏതു ധാര്‍ഷ്ട്യം വെച്ചാണ്,’ നെതന്യാഹു ചോദിച്ചു. ഐസിസി പ്രോസിക്യൂട്ടറുടെ നടപടി പുതിയ തരത്തിലുള്ള ജൂത വിരുദ്ധതയാണെന്നും നെതന്യാഹു പറഞ്ഞു.
‘ഇസ്രായേല്‍ പൗരന്മാരേ, ഞാന്‍ നിങ്ങളോട് ഒരു കാര്യം വാഗ്ദാനം ചെയ്യുന്നു – ഞങ്ങളുടെ കൈകള്‍ കെട്ടാനുള്ള ശ്രമം പരാജയപ്പെടും. ഇസ്രായേല്‍ പ്രധാനമന്ത്രി എന്ന നിലയില്‍, ഒരു അന്താരാഷ്ട്ര ഫോറത്തിലെയും സമ്മര്‍ദ്ദമോ തീരുമാനമോ ഞങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കുന്നതില്‍ നിന്ന് ഞങ്ങളെ തടയില്ലെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.’ നെതന്യാഹു പ്രതികരിച്ചു.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ നേതാക്കള്‍ക്കും ഹമാസ് നേതാക്കള്‍ക്കും എതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ട് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയിലെ (ഐസിസി) ചീഫ് പ്രോസിക്യൂട്ടര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.