ചൈനയുടെ സാമ്പത്തിക തലസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നതിനാല്‍ ലോക്ക്ഡൗണ്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് ഷാങ്ഹായ് അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ചവര്‍ പുറത്തുപോകാതിരിക്കാന്‍ ഇലക്ട്രോണിക് ഡോര്‍ അലാറങ്ങള്‍ സ്ഥാപിക്കുന്നതും വീടുകള്‍ അണുവിമുക്തമാക്കുന്നതിന് ആളുകളെ ഒഴിപ്പിക്കുന്നതുമാണ് പുതിയ നടപടികളില്‍ ഉള്‍പ്പെടുന്നത്. ഈ ആഴ്ച ആദ്യം, കെട്ടിടങ്ങള്‍ അണുവിമുക്തമാക്കുന്നതിനായി നൂറുകണക്കിന് ആളുകളെ അവരുടെ വീടുകളില്‍ നിന്ന് നിര്‍ബന്ധിതമായി ഒഴിപ്പിച്ചിരുന്നു.
ഷാങ്ഹായില ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അഞ്ചാം ആഴ്ചയിലാണ്. രോഗബാധിതരായ എല്ലാവരേയും അവരുമായി അടുത്ത ബന്ധമുള്ളവരെയും സര്‍ക്കാര്‍ നടത്തുന്ന കേന്ദ്രീകൃത ക്വാറന്റൈനിലേക്ക് മാറ്റുമെന്ന് ഷാങ്ഹായ് സിറ്റി അധികൃതര്‍ പറഞ്ഞു. കൂടാതെ, നഗരത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനമുണ്ടായ പ്രദേശങ്ങളിലാണ് അണുവിമുക്തമാക്കല്‍ നടപടികള്‍ ശക്തമാക്കുന്നത്. ടെസ്റ്റ് നെഗറ്റീവ് ആയവര്‍ ഉള്‍പ്പെടെ പല താമസക്കാരും താല്‍ക്കാലികമായി വീടുകള്‍ വിട്ട് പുറത്തുപോകാന്‍ നിര്‍ബന്ധിതരാകുമെന്നര്‍ത്ഥം. ബെയ്കായി, പിംഗ്വാങ് എന്നീ രണ്ട് ഷാങ്ഹായ് കമ്മ്യൂണിറ്റികളിലെ ആളുകളോട് താല്‍ക്കാലികമായി താമസസ്ഥലം വിടാന്‍ ഇതിനോടകം ഉത്തരവിട്ടിരുന്നു.
അവശ്യസാധനങ്ങള്‍ പായ്ക്ക് ചെയ്‌തെടുത്ത്, വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നിട്ട് വളര്‍ത്തുമൃഗങ്ങളെ വീടിന്റെ പിന്‍ഭാഗത്തേയ്ക്ക് മാറ്റി താമസസ്ഥലം ഒഴിയാനാണ് നിര്‍ദേശം. രാത്രിയില്‍ പാക്ക് ചെയ്ത സ്യൂട്ട്‌കേസുകളുമായി ക്യൂ നില്‍ക്കുന്ന ആളുകളുടെ സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ ഈ പ്രവര്‍ത്തനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.
നഗരത്തിലെ പൂട്ടിയിട്ടിരിക്കുന്ന പ്രദേശങ്ങളില്‍ ചിലര്‍ ഭക്ഷണ സാധനങ്ങള്‍ ലഭ്യമാക്കാന്‍ പാടുപെടുകയാണ്. ലോക്ക്ഡൗണ്‍ നീട്ടുന്നതുകൊണ്ട്, ഡെലിവറി സേവനങ്ങള്‍, പലചരക്ക് ഷോപ്പ് വെബ്സൈറ്റുകള്‍, സര്‍ക്കാര്‍ സാധനങ്ങളുടെ വിതരണം എന്നിവയെല്ലാം നിലച്ചിരിക്കുന്നു.
ലോക്ഡൗണ്‍ അഞ്ചാം ആഴ്ചയിലേയ്ക്ക് പ്രവേശിച്ചിരിക്കുമ്പോഴും, ജനജീവിതം തീര്‍ത്തും ദുസ്സഹമായിരിക്കുമ്പോഴും ചൈന തങ്ങളുടെ ‘സീറോ കോവിഡ്’ നയം നിലനിര്‍ത്താനുള്ള ദൃഢനിശ്ചയത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. പല രാജ്യങ്ങളും ഇപ്പോള്‍ ചെയ്യുന്നതുപോലെ വൈറസിനോടൊപ്പം ജീവിക്കുന്നതിനേക്കാള്‍ അത് ഇല്ലാതാക്കുന്നതിനാണ് ചൈന മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടാണ് ഇത്ര ബുദ്ധിമുട്ടി രാജ്യത്തിന്റെ സീറോ-കോവിഡ് നയം നിലനിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴും ശ്രമിക്കുന്നത്.