മതിയായ കാരണങ്ങളില്ലാതെ പാതയോരങ്ങളിലെ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കരുതെന്ന് കേരള സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. വാണിജ്യ കെട്ടിടങ്ങള്‍ക്ക് മുന്നിലെ മരങ്ങള്‍ അകാരണമായി മുറിക്കുന്നത് തടയണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി വി കുഞ്ഞിരാമന്റെ ഉത്തരവ്. കെട്ടിടങ്ങളുടെ സംരക്ഷണം, വാണിജ്യ ലക്ഷ്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി അകാരണമായി മരങ്ങള്‍ മുറിച്ച് നീക്കുന്നത് പ്രകൃതിയുടെയും കാലാവസ്ഥയുടെയും കൂട്ടക്കൊലയായി കാണണം എന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു.
പരിസ്ഥിതി പ്രവര്‍ത്തകയും കവിയുമായ സുഗതകുമാരിയുടെ വരികള്‍ ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് കോടതി ഉത്തരവ്. ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി എന്നു തുടങ്ങുന്ന കവിതയാണ് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ളത്. മരം മുറിക്കാന്‍ അനുമതി നല്കിയ പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. റോഡരികില്‍ നില്ക്കുന്ന മരങ്ങള്‍ സംരക്ഷിക്കുകയാണ് പൊതുമരാമത്ത് വകുപ്പിന്റെ കടമ, അത് നശിപ്പിക്കുകയല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
മതിയായ കാരണങ്ങളില്ലാതെ പാതയോരങ്ങളിലെ മരങ്ങള്‍ മുറിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ഒരു അപേക്ഷയും അനുവദിക്കാനാവില്ലെന്ന് കേരള സര്‍ക്കാര്‍ തിരിച്ചറിയണം. മരങ്ങള്‍ തണലും ശുദ്ധമായ ഓക്സിജനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും അഭയവും നല്കുന്നു. സംസ്ഥാനത്തിന്റെ പാതയോരങ്ങളിലെ മരങ്ങള്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന കാരണത്താല്‍ മുറിച്ച് നീക്കം ചെയ്യാതിരിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണം.
മരങ്ങള്‍ നശിച്ച അവസ്ഥയിലാണെങ്കില്‍ മാത്രമേ മുറിച്ചുമാറ്റാന്‍ കഴിയൂ. അത് ജനങ്ങളുടെ ജീവന് അപകടകരമാണെന്ന സാഹചര്യത്തില്‍ മാത്രമായിരിക്കണം എന്നും ജസ്റ്റിസ് കുഞ്ഞിരാമന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് ശേഷമാണ് സുഗതകുമാരിയുടെ വരികള്‍ ഉത്തരവില്‍ പ്രതിപാദിക്കുന്നത്. മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കോടാലി ഉയര്‍ത്തുന്നവര്‍ സുഗതകുമാരിയുടെ വരികള്‍ ഓര്‍ക്കണമെന്നും കോടതി വ്യക്തമാക്കുന്നു.