യുവാക്കളെ ‘വഴിതെറ്റിക്കുന്നു’ എന്നാരോപിച്ചുകൊണ്ട് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്, ഓണ്‍ലൈന്‍ മള്‍ട്ടി-പ്ലേയര്‍ ഗെയിമായ പബ്ജി എന്നിവ അഫ്ഗാനില്‍ നിരോധിക്കാന്‍ താലിബാന്‍ ഉത്തരവിട്ടു. അധാര്‍മ്മിക വസ്തുതകള്‍ എന്ന് കരുതപ്പെടുന്ന കാര്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ടിവി ചാനലുകളെ നിരോധിക്കുമെന്നും സംഘം പറഞ്ഞു.
യുവതലമുറയെ തെറ്റിദ്ധരിപ്പിക്കുന്നതും വഴിതെറ്റിക്കുന്നതുമാണ് ഇത്തരം ആപ്ലിക്കേഷനുകള്‍ എന്നും അതുകൊണ്ട് ഈ നിരോധനം അനിവാര്യമാണെന്നും താലിബാന്‍ വക്താവ് ഇനാമുള്ള സമംഗാനി ഉത്തരവില്‍ പറഞ്ഞു. നിരോധനം എപ്പോള്‍ മുതല്‍ നിലവില്‍ വരുമെന്നോ, എത്ര കാലത്തേക്ക് എന്നോ വ്യക്തമല്ല.
സംഗീതം, സിനിമകള്‍, ടെലിവിഷന്‍ ഓപ്പറകള്‍ എന്നിവയ്ക്ക് അടുത്തിടെ താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് താലിബാന്‍ ഗ്രൂപ്പ് ഒരു ആപ്പ് നിരോധിക്കുന്നത്. അധികാരമേറ്റപ്പോള്‍ താലിബാന്‍ ഗവണ്‍മെന്റിനോട് മൃദുസമീപനമാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അധികാരമേറ്റയുടന്‍ അവര്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം വെട്ടിക്കുറച്ചു.
മറ്റ് പല വിനോദങ്ങളും നിരോധിച്ചിരിക്കുന്നതിനാല്‍ അഫ്ഗാനിലെ യുവജനങ്ങള്‍ക്ക് ടിക് ടോകും പബ്ജിയും സമീപകാലത്ത് ഏറെ പ്രിയങ്കരമായിരുന്നതായി ബിബിസിയുടെ അഫ്ഗാന്‍ സര്‍വീസ് എഡിറ്റര്‍ ഹമീദ് ഷുജ പറയുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം യുവജന ജനസംഖ്യയ്ക്കൊപ്പം സമീപ വര്‍ഷങ്ങളില്‍ അതിവേഗം വളരുകയാണ്. നിലവില്‍ ഏകദേശം ഒമ്പത് ദശലക്ഷം ഉപയോക്താക്കളുണ്ട്. 39 ദശലക്ഷമുള്ള രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം മൂന്നില്‍ രണ്ട് പേരും 25 വയസും അതില്‍ താഴെയുമുള്ളവരാണ്.
മസാര്‍-ഇ-ഷെരീഫ് നഗരത്തിലെ ഒരു ഷിയ പള്ളി ഉള്‍പ്പെടെ അഫ്ഗാനിസ്ഥാനിലുടനീളം നാല് വ്യത്യസ്ത സ്‌ഫോടനങ്ങള്‍ നടന്ന അതേ ദിവസം തന്നെയാണ് താലിബാന്‍ ആപ്പുകളുടെ നിരോധനം പ്രഖ്യാപിച്ചത്.