ഈജിപ്ത്-ഗാസ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന തന്ത്രപ്രധാനമായ ഇടനാഴിയുടെ നിയന്ത്രണം പിടിച്ചെടുത്തതായി ഇസ്രായേല്‍ സൈന്യം. എട്ടാം മാസത്തിലെത്തിയ ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ നിര്‍ണായകമായേക്കാവുന്ന നീക്കമാണിത്.
ഫിലാഡല്‍ഫി ഇടനാഴി എന്നറിയപ്പെടുന്ന പ്രദേശം ഇസ്രായേലും ഈജിപ്തും ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തോളം നീണ്ട ഉപരോധത്തിനിടയിലും ആയുധങ്ങളും മറ്റ് വസ്തുക്കളും എത്തിക്കാന്‍ ഹമാസിനെ സഹായിച്ചിരുന്നു. കള്ളക്കടത്തിലൂടെ സാധനങ്ങള്‍ എത്തിക്കാന്‍ നിര്‍മിച്ച തുരങ്കങ്ങള്‍ ഇതോടെ ഇസ്രായേലിന്റെ നിയന്ത്രണത്തിലായി.
ഇടനാഴി പിടിച്ചെടുക്കുന്നത് ഈജിപ്തുമായുള്ള ഇസ്രായേലിന്റെ ബന്ധത്തെ സങ്കീര്‍ണ്ണമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഏറ്റെടുക്കല്‍ ഈജിപ്തിനെ അറിയിച്ചതായി ഇസ്രായേല്‍ പറഞ്ഞു. ഇസ്രായേലിന് മുമ്പ് അജ്ഞാതമായിരുന്ന ചിലതുള്‍പ്പെടെ 20 ഓളം തുരങ്കങ്ങളും ഈ തുരങ്കങ്ങളിലേക്കുള്ള 82 ആക്സസ് പോയിന്റുകളും ഓപ്പറേഷനില്‍ കണ്ടെത്തിയതായി സൈന്യം പറഞ്ഞു.