യുദ്ധം ക്രൂരതയാണെന്ന് വീണ്ടും ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ചാവേളയില്‍ ആണ് ഫ്രാന്‍സിസ് പാപ്പ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നടക്കുന്ന യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറയുകയും, സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തത്. വളരെ പ്രത്യേകമായി ഉക്രൈന്, പാലസ്തീന്, ഇസ്രായേല്‍, മ്യാന്മാര് എന്നീ രാജ്യങ്ങളെ പേരെടുത്തു പരാമര്‍ശിച്ചുകൊണ്ട്, ദുരിതമനുഭവിക്കുന്നവര്‍ക്ക് കര്‍ത്താവ് കരുത്ത് പ്രദാനം ചെയ്യട്ടെയെന്ന് പാപ്പ ആശംസിച്ചു.
തന്റെ അഭ്യര്‍ത്ഥനയില്‍, കഴിഞ്ഞദിവസം തന്നെ സന്ദര്ശിക്കുവാനെത്തിയ, യുദ്ധത്തില്‍ അംഗഭംഗം വന്ന കുരുന്നുകളുടെ ജീവിതകഥയും പാപ്പാ അടിവരയിട്ടു പറഞ്ഞു. പൊള്ളലേല്‍ക്കുകയും, കൈകാലുകള്‍ നഷ്ടപ്പെടുകയും ചെയ്ത കുരുന്നുകളെയാണ് പാപ്പാ സന്ദര്‍ശിച്ചത്. യുദ്ധം മൂലം പുഞ്ചിരി നഷ്ടപെട്ട കുട്ടികളുടെ ദയനീയത, ഏറെ സങ്കടകരമാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
യുദ്ധം എപ്പോഴും ഒരു ക്രൂരത മാത്രമെന്നും, യുദ്ധത്തില്‍ ഏറെ കഷ്ടതകള്‍ സഹിക്കുന്നത് കുട്ടികളാണെന്നും പാപ്പാ പറഞ്ഞു. അതിനാല്‍ യുദ്ധങ്ങള്‍ അവസാനിക്കുന്നതിനു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നു അഭ്യര്‍ത്ഥിക്കുകയും, സമാധാനത്തിന്റെ കൃപ കര്‍ത്താവ് പ്രദാനം ചെയ്യട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.