Sunday, November 24, 2024

‘ഗാസയില്‍ ഏഴുമാസം കൂടി യുദ്ധം വേണ്ടിവരും’: നയം വ്യക്തമാക്കി ഇസ്രായേല്‍

ഗാസയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടം ഇനിയും തുടര്‍ന്നേക്കുമെന്ന് വ്യക്തമാക്കി ഇസ്രായേല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേഗ്ബി. ഹമാസിന്റെയും പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദിന്റെയും (പി.ഐ.ജെ) സൈനിക-ഭരണ ശേഷി നശിപ്പിക്കാന്‍ ഏഴ് മാസം കൂടി വേണ്ടിവരുമെന്നാണ് അദ്ദേഹം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലിനോട് വ്യക്തമാക്കിയത്.

കഴിഞ്ഞ എട്ട് മാസത്തോളമായി ഗാസയില്‍ നടത്തുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേല്‍ ഒറ്റപ്പെട്ട് വരുന്നതിനിടയിലാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് കൂടിയായ ഹനേഗ്ബിയുടെ ഈ പ്രസ്താവന. ഇസ്രായേലിന്റെ അടുത്ത സഖ്യകക്ഷിയായ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍, ഗാസയിലെ മരണസംഖ്യ ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.

റാഫയില്‍ നടത്തുന്ന ഇസ്രായേല്‍ ആക്രമണത്തെയും സാച്ചി ന്യായീകരിച്ചു. 2007 ല്‍ ഹമാസ്, ഗാസ ഭരിക്കാന്‍ തുടങ്ങിയത് മുതല്‍ ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന റാഫ, കള്ളക്കടത്ത് കേന്ദ്രമായെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രായേലിന് നേരെ പ്രയോഗിക്കുന്ന ഓരോ റോക്കറ്റുകളും സ്‌ഫോടക വസ്തുക്കളും എത്തുന്നത് റാഫാ അതിര്‍ത്തി ഭേദിച്ചുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഈജിപ്തിനും ഗാസയ്ക്കുമിടയിലെ ബഫര്‍ സോണായ ഫിലാഡെല്‍ഫി ഇടനാഴിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രായേലി സൈനിക വക്താവ് അവകാശപ്പെട്ടിരുന്നു. ഇസ്രായേലും ഈജിപ്തും തമ്മിലുള്ള 1979ലെ സമാധാന ഉടമ്പടിയുടെ ഭാഗമായി സൃഷ്ടിച്ചതാണ് ഫിലാഡെല്‍ഫി ഇടനാഴി.

റാഫയില്‍ ഹമാസിന്റെ അവസാന ബറ്റാലിയനും തകര്‍ക്കുമെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഇതോടൊപ്പം ഗാസ മുനമ്പിലെ സുരക്ഷാ നിയന്ത്രണം കൈവശപ്പെടുത്തുമെന്നും ഇസ്രായേല്‍ വ്യക്തമാക്കുന്നു. അതിനിടെ, റാഫയില്‍ ചൊവ്വാഴ്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് മൂന്ന് ഇസ്രായേലി സൈനികര്‍ മരിച്ചു. എട്ടു മാസത്തോളമായി നടക്കുന്ന യുദ്ധത്തില്‍ ഗാസയില്‍ ഇതുവരെ 290 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് സൈന്യം അറിയിക്കുന്നത്.

 

Latest News