ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റഷ്യ-യുക്രെയ്ന് യുദ്ധത്തിനിടെ ശ്രദ്ധാകേന്ദ്രമായൊരു സംഘടനയാണ് നാറ്റോ. സംഘര്‍ഷത്തിന്റെ എല്ലാ മേഖലകളിലും ഈ സംഘടനയെ കാണാനാവുന്നുണ്ട്. നോര്‍ത്ത് അറ്റലാന്റിക് ട്രീറ്റി ഓര്ഗനൈസേഷന് ആണ് നാറ്റോ എന്നറിയപ്പെടുന്നത്.
എന്താണ് നാറ്റോ?
1949 ല്‍ യുഎസ്, കാനഡ, യുകെ, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 12 രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ഒരു സൈനിക സഖ്യമാണ് നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്ഗനൈസേഷന് (നാറ്റോ). ഏതെങ്കിലും ഒരു അംഗരാജ്യത്തിനെതിരെ സായുധ ആക്രമണമുണ്ടായാല്‍ പരസ്പരം സഹായിക്കാന്‍ അംഗങ്ങള്‍ സമ്മതിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം റഷ്യ യുറോപ്പിലേക്ക് വളരുന്നത് തടയുക എന്നതായിരുന്നു നാറ്റോയുടെ യഥാര്‍ഥ ലക്ഷ്യം.
1955-ല്‍ കിഴക്കന്‍ യൂറോപ്യന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ സ്വന്തം സൈനിക സഖ്യം സൃഷ്ടിച്ചുകൊണ്ട് സോവിയറ്റ് റഷ്യ നാറ്റോയോട് പ്രതികരിച്ചു, ഇത് വാര്‍സോ ഉടമ്പടി എന്നാണ് അറിയപ്പെട്ടിരുന്നത്. 1991-ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് വാര്‍സോ ഉടമ്പടിയിലുണ്ടായിരുന്ന രാജ്യങ്ങള്‍ നാറ്റോ അംഗങ്ങളായി മാറി. 30 അംഗങ്ങളാണ് ഇപ്പോള്‍ നാറ്റോ സഖ്യത്തിനുള്ളത്.
അംഗരാജ്യങ്ങള്‍
27 യൂറോപ്യന്‍ രാജ്യങ്ങളും ഒരു യൂറേഷ്യന്‍ രാജ്യവും രണ്ട് വടക്കേ അമേരിക്കന്‍ രാഷ്ട്രങ്ങളുമടങ്ങിയ സഖ്യമാണിത്. അല്‍ബേനിയ, ബല്‍ജിയം, ബള്‍ഗേറിയ, കാനഡ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്ക്ക്, എസ്തോണിയ, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്ലന്ഡ്, ഇറ്റലി, ലിത്വാനിയ, ലക്സംബര്‍ഗ്, മോണിടനെഗ്രോ, നെതര്‍ലന്‍ഡ്സ്, നോര്‍ത്ത് മസിഡോണിയ, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റുമാനിയ, സ്ലോവാക്യ, സ്ലോവേനിയ, സ്പെയിന്, തുര്‍ക്കി, യുകെ യുഎസ് എന്നിങ്ങനെ 30 രാഷ്ട്രങ്ങളാണ് അംഗങ്ങള്‍. ഇംഗ്ലീഷും ഫ്രഞ്ചുമാണ് ഔദ്യോഗിക ഭാഷകള്‍. 2024 ഓടെ സഖ്യരാഷ്ട്രങ്ങളെല്ലാം ജിഡിപിയുടെ 2 ശതമാനം പ്രതിരോധച്ചെലവുകള്‍ക്കായി മാറ്റി വയ്ക്കണമെന്നാണ് സഖ്യത്തിന്റെ താല്പര്യം.
നേതൃത്വം
സെക്രട്ടറി ജനറലാണ് നാറ്റോയുടെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്. അദ്ദേഹമാണ് മുഖ്യ വക്താവും. നോര്‍വേയുടെ മുന്‍ പ്രധാനമന്ത്രി, ജെന്‍സ് സ്റ്റോള്ടെന്ബര്ഗാണ് 2014 മുതല്‍ സെക്രട്ടറി ജനറല്‍. അതത് രാജ്യം നിയമിക്കുന്ന നയതന്ത്ര പ്രതിനിധി ആയിരിക്കും ഓരോ രാജ്യത്തിന്റേയും തലവന്‍. സഖ്യത്തിലെ സ്ഥിരാംഗങ്ങള്‍ ഓരോ ആഴ്ചയും കൂടിക്കാഴ്ച നടത്തി ആഗോള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
നാറ്റോയുടെ ഇടപെടലുകള്‍
ദുരന്തനിവാരണ സംബന്ധമായ ഒട്ടേറെ ദൗത്യങ്ങള്‍ക്കും നാറ്റോ നേതൃത്വം നല്‍കിയിട്ടുണ്ട്. ശീതയുദ്ധകാലത്ത് സൈനിക പോരാട്ടങ്ങളില്‍ നാറ്റോ ഏര്‍പ്പെട്ടിരുന്നില്ല. എന്നാല്‍ സംയുക്ത സൈനിക അഭ്യാസങ്ങള്‍ നടത്തി ശക്തി തെളിയിച്ചു. ഇറാന്, ബോസ്നിയ, സെര്‍ബിയ-കൊസോവ, മാസിഡോണിയ, അഫ്ഗാനിസ്ഥാന്, തുര്‍ക്കി തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലും നാറ്റോ സൈനിക അടപെടല്‍ നടത്തി. കൂടാതെ പാക്കിസ്ഥാനടക്കം പ്രകൃതിദുരന്തങ്ങളുണ്ടായ പല രാജ്യങ്ങളിലും നാറ്റോ സജീവമായി പ്രവര്‍ത്തിച്ചു.
നാറ്റോയുമായും യുക്രൈനുമായും റഷ്യയുടെ ഇപ്പോഴത്തെ പ്രശ്നം എന്താണ്?
റഷ്യയുടെയും യൂറോപ്യന്‍ യൂണിയന്റെയും അതിര്‍ത്തിയിലുള്ള ഒരു മുന്‍ സോവിയറ്റ് റിപ്പബ്ലിക്കാണ് യുക്രൈന്. റഷ്യക്കാരുടെ ഒരു വലിയ ജനസംഖ്യ തന്നെ യുക്രൈനിലുണ്ട്. റഷ്യയുമായി അടുത്ത സാമൂഹികവും സാംസ്കാരികവുമായ ബന്ധവും യുക്രൈനുണ്ട്. യുക്രൈനെ റഷ്യയുടെ തന്നെ ഭാഗമായിട്ടാണ് ക്രെംലിന് കാണുന്നത്. യുക്രൈന് ശരിക്കും റഷ്യയുടെ ഭാഗമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അടുത്തിടെ പറഞ്ഞു.
എന്നിരുന്നാലും, സമീപ വര്‍ഷങ്ങളില്‍ യുക്രൈന് യൂറോപ്യന്‍ യൂണിയനിലും നാറ്റോയിലും ചേരാനുള്ള ശ്രമത്തിലാണ്. അതിന്റെ ലക്ഷ്യങ്ങള്‍ യുക്രൈന്റെ ഭരണഘടനയില്‍ എഴുതിയിട്ടുണ്ട്. യുക്രൈന് നിലവില്‍ ഒരു നാറ്റോയില്‍ പങ്കാളിത്തമുള്ള രാജ്യമാണ്. ഭാവിയില്‍ എപ്പോഴെങ്കിലും സഖ്യത്തില്‍ ചേരാന്‍ യുക്രൈനെ അനുവദിച്ചേക്കാമെന്ന ധാരണയുണ്ടെന്നാണ് ഇതിനര്‍ത്ഥം. അതൊരിക്കലും നടക്കില്ലെന്ന് പാശ്ചാത്യ ശക്തികളില്‍ നിന്ന് ഉറപ്പ് ലഭിക്കണമെന്നാണ് റഷ്യയുടെ ആവശ്യം.
എന്നാല്‍ യുക്രൈനെ നാറ്റോയില്‍ പങ്കാളിയാകുന്നതില്‍ നിന്ന് തടയില്ലെന്നാണ് യുഎസിന്റെയും സഖ്യകക്ഷികളുടെയും നിലപാട്. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയില്‍ അതിന് സ്വന്തം സുരക്ഷാ സഖ്യങ്ങള്‍ തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് അവര്‍ വ്യക്തമാക്കുന്നു. ഇതാണ് പുടിനെ പ്രകോപിപ്പിക്കുന്നതും.