Sunday, November 24, 2024

ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അലി ലാറിജാനി പത്രിക സമര്‍പ്പിച്ചു

ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാറിജാനി. വെള്ളിയാഴ്ച ആരംഭിച്ച രജിസ്‌ട്രേഷനില്‍ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എന്നാല്‍, ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയാല്‍ മാത്രമേ മത്സരിക്കാന്‍ കഴിയുകയുള്ളൂ. ജൂണ്‍ 28 നാണ് ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

ഇറാനിലെ യാഥാസ്ഥിതിക മുഖമായി അറിയപ്പെടുന്ന അലി ലാറിജാനി 2021ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും ഗാര്‍ഡിയന്‍ കൗണ്‍സില്‍ സ്ഥാനാര്‍ഥിയാകാന്‍ അനുമതി നല്‍കിയില്ല. പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിലുള്ള 12 അംഗ ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗീകരിച്ചാല്‍ മാത്രമേ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കൂ. രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച അവസാനിക്കും.

പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് പുതിയ തിരഞ്ഞെടുപ്പിന് രാജ്യത്ത് കളമൊരുങ്ങിയത്. 2021 ല്‍ മത്സരിക്കുന്നതില്‍ നിന്നും ഗാര്‍ഡിയന്‍ കൗണ്‍സില്‍ ലാരിജാനിയെ വിലക്കിയിരുന്നുവെങ്കിലും ഇത്തവണ അങ്ങനെ ഉണ്ടാവില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. കടുത്ത നിലപാടുള്ള കൗണ്‍സില്‍ തന്നെ അയോഗ്യനാക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ലാരിജാനി മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ഒരു ഇറാനിയന്‍ ഇന്‍സൈഡര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അതേസമയം ഇത്തരമൊരു മാറ്റത്തിന് കാരണമൊന്നും വെളിപ്പെടുത്തിയിട്ടുമില്ല.

 

Latest News