കടുത്ത വേനല്‍ കാലവര്‍ഷത്തിന് വഴിമാറി.ഒപ്പം പതിവ് പോലെ പുതിയൊരു അദ്ധ്യയന വര്‍ഷവും വിരുന്നെത്തിക്കഴിഞ്ഞു.വിദ്യാലയത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കഴിഞ്ഞ തലമുറയ്ക്ക് ഗൃഹാതുരത്വത്തിന്റെ നനുത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്ന നിരവധി കവിതകള്‍ ഉണ്ട്.
‘തിങ്കളും താരങ്ങളും,
തൂവെള്ളി കതിര് ചിന്നും
തുംഗമാം വാനിന് ചോട്ടി-
ലാണെന്റെ വിദ്യാലയം!’……
എന്നുനീട്ടി പാടിയ അഞ്ചാം ക്ലാസുകാരന് ഈ കുറിപ്പ് എഴുതാനിരിക്കുമ്പോഴും എന്റെ ഉള്ളില്‍ സജീവമാണ്. ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശരശ്മികള്‍ ചിതറുന്ന ഉയരത്തിലുള്ള ആകാശത്തിന്റെ ചുവട്ടിലാണ് എന്റെ വിദ്യാലയം. ഇന്നലെ കണ്ണുനീര് പൊഴിച്ച് കരഞ്ഞുനിന്നിരുന്ന കറുത്ത ആകാശം ഇന്ന് ചിരിച്ച് അഴകോടെ നില്ക്കുന്നു. മുള്‍ച്ചെടിയുടെ മുകളിലും പുഞ്ചിരി വിരിയും എന്നാണ് പനിനീര്‍ച്ചെടി പറയുന്നത് . ചെറുതാണെങ്കിലും ഈ ജീവിതം എത്ര മധുരമുള്ളതാണ് എന്നാണ് പൂക്കളില്‍ നിന്ന് തേന്‍ കുടിച്ച് പറന്നുനടക്കുന്ന വണ്ടുകള്‍ പറയുന്നത്.
മറ്റുള്ളവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ മഹത്വം എന്ന് യാത്രക്കാരുടെ തലയിലെ ഭാരം തന്റെ ചുമലില്‍ ഇറക്കിവയ്ക്കാന്‍ സഹായിക്കുന്ന വഴിയിലെ കല്ല് കൊണ്ടുള്ള അത്താണി പറയുന്നു. ഇങ്ങനെ ഈ ഭൂമിയിലെ കല്ലും, തേനീച്ചയും പൂക്കളും, ആകാശവും, നക്ഷത്രങ്ങളും, ചന്ദ്രനും എല്ലാം നമ്മളെ നിരവധി പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട് . ഇവര്‍ എല്ലാവരും നമ്മുടെ അദ്ധ്യാപകര്‍ ആണ്. ഒളപ്പമണ്ണയുടെ ‘എന്റെ വിദ്യാലയം’ സ്മരണകളെ സമ്പന്നമാക്കുമ്പോള് സമകാലിക സാഹചര്യങ്ങള്‍ അല്പം വ്യത്യസ്ഥമാണ് എന്ന് സമ്മതിക്കാതെ വയ്യ.
ഈ അധ്യയനവര്‍ഷത്തിന് പ്രധാന സവിശേഷത ലോക്ക് ഡൗണ്‍ കാലത്ത് ജനിച്ച കുട്ടികള്‍ ആദ്യമായി വിദ്യാലയങ്ങളിലേക്ക് എത്തുന്നു എന്നതാണ്. അടച്ചിരിപ്പ് കാലം തീര്‍ത്ത ഏകാന്തതയും സാമൂഹ്യവത്കരണത്തിന്റെ അഭാവവുമെല്ലാം ഈ കുട്ടികളില്‍ പ്രകടമായിരിക്കും അതിനാല്‍ തന്നെ കാല്‍പ്പനികമായ സങ്കല്പ്പങ്ങള്ക്കപ്പുറം കാതലായ ഇടപെടലുകള്‍ നാം നടത്തേണ്ടിയിരിക്കുന്നു. അധ്യാപകരും, വിദ്യാര്‍ത്ഥികളും, മാതാപിതാക്കളും സര്‍ക്കാരും വിദ്യാലയ അധികൃതരും എല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാലേ ഇത് നമുക്ക് സാധ്യമാകു. ഒരു വിദ്യാര്‍ഥിയുടെ മാനസികം, ശാരീരികം, കുടുംബപരം, സാമൂഹികം എന്നീ മേഖലകളില്‍ ഉണ്ടാകാവുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശാസ്ത്രീയമായ സംവിധാനങ്ങള്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകണം.
പരീക്ഷകളില്‍ ഒന്നാമനാവുക എന്നതല്ല പുതിയ വിദ്യാഭ്യാസ സമ്പ്രദായം. അവരവര്‍ക്ക് സാധ്യമായ മേഖലകള്‍ കണ്ടെത്തുകയും അവിടെ മിടുക്കു തെളിയിക്കുകയുമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനം. അത്തരമൊരു ബോധ്യത്തിലേക്ക് നമ്മുടെ വിദ്യര്‍ത്ഥികളെ നയിക്കാന്‍ ഈ അദ്ധ്യായന വര്‍ഷത്തില്‍ നമുക്ക് കഴിയട്ടെ.
തീര്‍ച്ചയായും സാങ്കേതിക വിദ്യയുടെ കടന്ന് വരവ് അദ്ധ്യാപനത്തിന്റെ രീതികളെയും സാധ്യതകളെയും പുനര്‍നിര്‍വ്വചിച്ചിട്ടുണ്ട് അതിനാല്‍ കേവലം അറിവ് പകര്‍ന്നു നല്‍കുക എന്നതിലപ്പുറം വിദ്യാര്‍ത്ഥികളുടെ സാമൂഹ്യവത്ക്കരണത്തിലും നൈപുണ്ണ്യ വികസനത്തിലും മാനസ്സികാരോഗ്യത്തിലും അദ്ധ്യാപകര്‍ കുടുതല്‍ ശ്രദ്ധ ചെലുത്തട്ടെ.
പഠിക്കാന്‍ മാത്രമല്ല ചിന്തിക്കാന്‍ കൂടിയാണ് വിദ്യാലയത്തില്‍ പോവുന്നതെന്ന് വിദ്യാര്‍ത്ഥിക്കു മനസ്സിലാക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ക്കു സാധിക്കണം. തന്റെ കാലത്തെ അറിയാന്‍, തന്റെ ചുറ്റുപാടിനെ മനസ്സിലാക്കാന്‍, ഈ മണ്ണിനെയും അതിലെ മനുഷ്യരെയും നന്മയിലേക്കു നയിക്കാന്‍ തങ്ങളുടെ മക്കള്‍ വിദ്യാഭ്യാസത്തിലൂടെ പാകപ്പെടണം എന്ന ചിന്ത ഒരോ മാതാപിതാക്കളെയും നയിക്കട്ടെ.
‘വിദ്യാഭ്യാസം എന്നാല്‍ എഴുത്തും വായനയും പഠിക്കുക എന്നതല്ല. അത് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്താര്ജിക്കലാണ് ‘ എന്ന ഗാന്ധി സൂക്തം ഒരു ഓര്‍മ്മപ്പെടുത്തലാകട്ടെ. കുട്ടികള്‍ ആകെ മാറിപ്പോയി, അവര്‍ക്കൊന്നിലും താല്‍പ്പര്യമില്ല എന്നൊക്കൊയുള്ള പതിവ് പയ്യാരം പറച്ചിലുകള്‍ ഒരു വേള നമുക്ക് മാറ്റി വെക്കാം. പരിഗണയുടെ നേരത്ത കരം നീട്ടി അവരെ നമുക്ക് ചേര്‍ത്ത് നിറുത്താം. പ്രതിസന്ധികളുടെ ആകാശത്തെ കീറിമുറിച്ച് അവരങ്ങനെ പാറി പറക്കട്ടെ.
ഡോ. സെമിച്ചന് ജോസഫ്