2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഒട്ടേറെ സര്‍പ്രൈസുകളാണ് കേരള ജനതയ്ക്ക് കാണാനായത്. കേരളത്തില്‍ ആദ്യമായി താമര വിരിഞ്ഞതാണ് പ്രധാന സര്‍പ്രൈസ്. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചു. കൂടാതെ തിരുവനന്തപുരം, ആറ്റിങ്ങല്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. വടകരയില്‍ കെ കെ ഷൈലജ ടീച്ചറെ വന്‍ ഭൂരിപക്ഷത്തോടെ ഷാഫി പറമ്പില്‍ തോല്‍പ്പിച്ചു.
ആലത്തൂരാണ് എല്‍ഡിഎഫ് വിജയിച്ചത്. ആലത്തൂരില്‍ സിറ്റിംഗ് എംപി രമ്യ ഹരിദാസ്, കെ രാധാകൃഷ്ണനോട് പരാജയപ്പെട്ടു.
കേരളത്തില്‍ അക്കൗണ്ട് തുറന്നു എന്നു മാത്രമല്ല, തിരുവന്തപുരം, പത്തനംതിട്ട, ആറ്റിങ്ങല്‍, ആലപ്പുഴ എന്നിവടങ്ങളില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്താനും ബിജെപിയ്ക്ക് കഴിഞ്ഞു.
പല മണ്ഡലങ്ങളിലും ഭൂരിപക്ഷം ലക്ഷം കടന്നതും സിറ്റിംഗ് എംപിമാരില്‍ പലരും സ്വന്തം ഭൂരിപക്ഷം ഉയര്‍ത്തിയതും യുഡിഎഫിന് ആശ്വാസമായി. തൃശൂരില്‍ കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത് പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ ഉയര്‍ത്തിയ വെല്ലുവിളിയും യുഡിഎഫ് നേതൃത്വം അമ്പരപ്പോടെയാണ് കണ്ടത്.
2019ല്‍ നേരിയ ഭൂരിപക്ഷത്തിനാണ് പല യുഡിഎഫ് സ്ഥാനാര്‍ഥികളും വിജയിച്ചത്. എന്നാല്‍ ഇത്തവണ തിരുവനന്തപുരം ഒഴിച്ച് ബാക്കി യുഡിഎഫ് ജയം ഉറപ്പിച്ച മണ്ഡലങ്ങളിലെല്ലാം അമ്പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷവുമായാണ് സ്ഥാനാര്‍ത്ഥികള്‍ തിളങ്ങിയത്.
വടകരയില്‍ ശൈലജ ടീച്ചറിന്റേയും തൃശൂരില്‍ വി എസ് സുനില്‍കുമാറിന്റേയും വിജയം എല്‍ഡിഎഫ് നേതൃത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും വലിയ തോല്‍വി ഇരുവര്‍ക്കും നേരിടേണ്ടി വന്നു.