Monday, November 25, 2024

2025 സായിദ് അവാര്‍ഡുകള്‍ക്ക് വേണ്ടിയുള്ള നാമനിര്‍ദ്ദേശ പ്രക്രിയ ആരംഭിച്ചു

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സ്ഥാപകന്‍ അന്തരിച്ച ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണാര്‍ത്ഥം മനുഷ്യസാഹോദര്യ മേഖലയില്‍ സംഭാവനകള്‍ നല്‍കുന്നവര്‍ക്കുള്ള 2025 സായിദ് അവാര്‍ഡുകള്‍ക്ക് വേണ്ടിയുള്ള നാമനിര്‍ദ്ദേശ പ്രക്രിയ ആരംഭിച്ചു.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സമൂഹ വികസനം, അഭയാര്‍ഥി പുനരധിവാസം, വനിതാ, യുവജന ശാക്തീകരണം എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മേഖലകളിലെ മാനുഷിക ശ്രമങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്കാണ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. ഒരു ദശലക്ഷം യുഎസ് ഡോളര്‍ ആണ് സമ്മാനത്തുകയായി നല്‍കുന്നത്.

ലോകമെമ്പാടുമുള്ള മനുഷ്യ സാഹോദര്യവും ഐക്യദാര്‍ഢ്യവും മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ബഹുമാനിക്കുന്നതിനു വേണ്ടിയാണ് സായിദ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2024 ജൂണ്‍ 3 മുതല്‍ ഒക്ടോബര്‍ 1 വരെ സയീദ് അവാര്‍ഡ് സമിതിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://zayedaward.org/ വഴിയാണ് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്.

മനുഷ്യസാഹോദര്യത്തിനുവേണ്ടിയുള്ള ഉന്നത സമിതി നല്‍കുന്ന ഒരു ആഗോള സ്വതന്ത്ര അവാര്‍ഡാണ് സയീദ് അവാര്‍ഡ്. എല്ലാ വര്‍ഷവും അന്താരാഷ്ട്ര മാനവ സാഹോദര്യ ദിനമായ ഫെബ്രുവരി 4 നോട് അടുത്താണ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. തദവസരത്തില്‍, അന്തരിച്ച ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പാത പിന്തുടര്‍ന്ന് മാനുഷിക പരിശ്രമങ്ങളും സ്വാധീനവും പുലര്‍ത്തിയവരെ അബുദാബി സ്ഥാപക സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കുന്നു.

2019 ല്‍ ഫ്രാന്‍സിസ് പാപ്പായും, അല് അസ്ഹറിലെ ഗ്രാന്‍ഡ് ഇമാം അഹമ്മദ് അല്‍ ത്വയ്യിബും തമ്മില്‍ നടത്തിയ സൗഹൃദ കൂടിക്കാഴ്ചയ്ക്കുശേഷമാണ്, ഈ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

Latest News