പശ്ചിമ മെക്‌സിക്കോയിലെ വനിതാ മേയര്‍ കൊല്ലപ്പെട്ടു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ ചരിത്രം സൃഷ്ടിച്ച് ആദ്യ വനിതാ പ്രസിഡന്റ് പദവിയിലേക്ക് ക്ലൗദിയ ഷെയ്ന്‍ബാം എത്തി 24 മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പാണ് മെക്‌സിക്കോയിലെ മിച്ചോകാനിലെ വനിതാ മേയര്‍ കൊല്ലപ്പെടുന്നത്. ആയുധധാരികളുടെ ആക്രമണത്തില്‍ മേയറുടെ ബോഡി ഗാര്‍ഡും കൊല്ലപ്പെട്ടു.
മിച്ചോകാന്‍ സംസ്ഥാനത്തെ കൊറ്റിജ മുന്‍സിപ്പാലിറ്റി മേയറായ യോലാന്‍ഡ സാന്‍ജസ് ഫിഗോറയാണ് കൊല്ലപ്പെട്ടത്. ലിംഗാധിഷ്ഠിതമായ ആക്രമണം മെക്‌സിക്കോയില്‍ രൂക്ഷമാവുന്നതിനിടെ പ്രസിഡന്റ് പദവയിലേക്ക് ഒരു വനിത എത്തുന്നത് പ്രതീക്ഷകള്‍ ഉണ്ടാവുമെന്ന നിരീക്ഷണത്തിനിടെയാണ് വനിതാ മേയര്‍ കൊല്ലപ്പെടുന്നത്. 2021ല്‍ മേയര്‍ സ്ഥാനത്തേക്ക് എത്തിയ യോലാന്‍ഡ സാന്‍ജസ് ഫിഗോറ പൊതുനിരത്തില്‍ വച്ചാണ് വെടിയേറ്റ് വീണത്. ജിമ്മിന് പുറത്ത് വച്ച് 19 തവണയോളം തവണയാണ് യോലാന്‍ഡ സാന്‍ജസ് ഫിഗോറയ്ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യോലാന്‍ഡ സാന്‍ജസ് ഫിഗോറയുടെ ബോഡിഗാര്‍ഡായ ജീസസ് വിയുടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു വാനിലെത്തിയ അക്രമി സംഘം ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെട്ടുപോയതായാണ് ദൃക്‌സാക്ഷികള്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. കൊറ്റിജയെ ജീവിക്കാന്‍ പറ്റുന്ന മെച്ചപ്പെട്ട ഇടമാക്കുമെന്ന വാഗ്ദാനത്തോടെയാണ് യോലാന്‍ഡ സാന്‍ജസ് ഫിഗോറ അധികാരത്തിലെത്തിയത്. കഴിഞ്ഞ സെപ്തംബറില്‍ മിച്ചോകാന്റെ അയല്‍സംസ്ഥാനത്തെ വനിതാ രാഷ്ട്രീയ നേതാവിനെ ഷോപ്പിംഗ് മാളില്‍ വച്ച് അക്രമി സംഘം തട്ടിക്കൊണ്ട് പോയിരുന്നു. മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഇവരെ പോലീസിന് കണ്ടെത്താനായത്.
മിച്ചോകാന്‍ മെക്‌സിക്കോയിലെ പ്രധാന വിനോദ സഞ്ചാര ഇടങ്ങളിലൊന്നാണ്. എന്നാല്‍ ലഹരി വ്യാപാര സംഘങ്ങള്‍ വളരെ സജീവമായ മേഖലകളിലൊന്നാണ് മിച്ചോകാന്‍. അക്രമ സംഭവങ്ങള്‍ ഇവിടെ പതിവാണ്. മാര്‍ച്ച് മാസത്തില്‍ മിച്ചോകാനിലുണ്ടായ കുഴി ബോംബ് ആക്രമണത്തില്‍ മൂന്ന് പേര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാത്രം മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടത് 23 രാഷ്ട്രീയ നേതാക്കളാണ്.