Sunday, November 24, 2024

വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സൈന്യത്തില്‍ അംഗമാകാന്‍ അവസരം നല്‍കി ഓസ്‌ട്രേലിയ

വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സൈന്യത്തില്‍ അംഗമാകാന്‍ അവസരം നല്‍കി ഓസ്‌ട്രേലിയ. സൈനിക സേവനത്തിന് വലിയ രീതിയില്‍ ആള്‍ക്ഷാമം നേരിട്ടതിന് പിന്നാലെയാണ് അമേരിക്ക അടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി ഓസ്‌ട്രേലിയന്‍ സൈന്യം വാതില്‍ തുറക്കുന്നത്. ജൂലൈ മാസം മുതല്‍ ഓസ്‌ട്രേലിയയില്‍ സ്ഥിര താമസമാക്കിയ ന്യൂസിലാന്‍ഡ് പൗരന്മാര്‍ക്ക് സൈന്യത്തില്‍ അംഗമാകാം. അടുത്ത വര്‍ഷം മുതല്‍ ബ്രിട്ടന്‍, അമേരിക്ക, കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അവസരം ലഭിക്കും.

വരും വര്‍ഷങ്ങളിലുണ്ടാവാന്‍ സാധ്യതയുള്ള വെല്ലുവിളികള്‍ അതിജീവിക്കാനാണ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നതെന്നാണ് ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ല്‌സ് വിശദമാക്കുന്നത്. ന്യൂസിലാന്‍ഡുമായി ദീര്‍ഘകാലമായി ദൃഢമായ ബന്ധമായതിനാലാണ് ന്യൂസിലാന്‍ഡില്‍ നിന്നുള്ളവര്‍ക്ക് ആദ്യ അവസരമെന്നും റിച്ചാര്‍ഡ് മാര്‍ല്‌സ് വിശദമാക്കി. 4400ലേരെ പേരുടെ കുറവാണ് നിലവില്‍ സേനയിലുള്ളതെന്നാണ് പ്രതിരോധ വക്താക്കള്‍ വിശദമാക്കുന്നത്.

വിദേശ സൈന്യത്തില്‍ രണ്ട് വര്‍ഷത്തില്‍ അധികം സേവനം ചെയ്തിട്ടില്ലാത്ത ഓസ്‌ട്രേലിയയില്‍ സ്ഥിര താമസമാക്കിയവര്‍ക്കാണ് അവസരം പ്രയോജനപ്പെടുത്താനാവുക. പരിശീലനത്തിന് ശേഷം 90 ദിവസത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ പൗരത്വത്തിനും ഇവര്‍ക്ക് അര്‍ഹതയുണ്ടാവും. നിലവിലുള്ള സൈനികര്‍ക്ക് നയം മൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധയോടെയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നീക്കം.

മുന്‍ സര്‍ക്കാര്‍ സൈനിക ബലം വര്‍ധിപ്പിക്കുന്നതിനായി 38 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് നീക്കി വച്ചിരുന്നത്. ഇരുപത് വര്‍ഷത്തിനുള്ളില്‍ സൈനിക ബലം 30 ശതമാനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ സൈനിക ബലം കൂട്ടാന്‍ ആളില്ലാത്ത സ്ഥിതിയിലാണ് ഓസ്‌ട്രേലിയയിലെ തൊഴില്‍ ഇല്ലായ്മാ നിരക്കുള്ളത്.

 

Latest News