Sunday, November 24, 2024

ലോക്സഭാ തെരഞ്ഞെടുപ്പുഫലം കേരളത്തില്‍ ക്രൈസ്തവരെ അവഗണിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനുള്ള താക്കീത്: സീറോമലബാര്‍ സഭാ അത്മായ ഫോറം

ക്രൈസ്തവസമുദായത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത കഴിഞ്ഞ കുറച്ചുകാലമായി കേരളീയസമൂഹത്തില്‍ പ്രകടമായിരുന്നു.രാഷ്ട്രീയക്കാരും ക്രൈസ്തവ സഭാവിരുദ്ധശക്തികളും എന്നുവേണ്ട, വഴിയെ നടന്നുപോകുന്നവനുപോലും വിമര്‍ശിക്കാവുന്ന സാഹചര്യം സംജാതമായിരുന്നു. ശക്തമായി പ്രതികരിക്കാനും ഏതു കൊലകൊമ്പന്റെയും നേര്‍ക്കുനിന്ന് പ്രതിഷേധിക്കാനും ആക്രമണങ്ങളെ പ്രതിരോധിക്കാനും കഴിയുന്നവിധത്തിലേക്ക് ഇന്ന് ക്രൈസ്തവസമൂഹം മാറിയെന്നതിന്റെ തെളിവാണ് ലോക്സഭാ തെരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നത്. ക്രൈസ്തവസമൂഹത്തോടുള്ള കേരളത്തിലെ ഭരണകര്‍ത്താക്കളുടെ അവഗണനയ്ക്കുള്ള തിരിച്ചടികൂടിയാണ് ഈ ഫലം.

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതും വിദ്യാഭ്യാസ – സാമൂഹ്യ – സാമ്പത്തികമേഖലകളില്‍ ക്രൈസ്തവവിഭാഗങ്ങള്‍ക്കു നേരെയുള്ള വിവേചനങ്ങളും ക്രൈസ്തവര്‍ക്കെതിരെ രാഷ്ട്രീയനേതൃത്വങ്ങളുടെ അറിവോടെ നടക്കുന്ന ഭരണഘടനാവിരുദ്ധമായ നീക്കങ്ങളും നിയമവിരുദ്ധ ഇടപെടലുകളും മലയോരമേഖലയില്‍ ക്രൈസ്തവരടക്കമുള്ള എല്ലാവരും നേരിടുന്ന വന്യമൃഗ ഭീഷണികളും റബര്‍ കര്‍ഷകര്‍ക്കുനേരെയുള്ള അവഗണനകളും ക്രൈസ്തവര്‍ക്കായുള്ള ആനുകൂല്യങ്ങള്‍പോലും പലരും തട്ടിയെടുക്കുമ്പോള്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ പുലര്‍ത്തിയ മൗനവും തീരദേശങ്ങളെ തിരിഞ്ഞുനോക്കാത്ത അവസ്ഥയുംകൊണ്ടാണ് ഇടതുകക്ഷികള്‍ ദയനീയപരാജയം നേരിട്ടത്.

ക്ഷേമപെന്‍ഷന്‍ മുടക്കം, സപ്ലൈകോ തകര്‍ച്ച, അഴിമതി ആരോപണങ്ങള്‍, കരുവന്നൂര്‍ ഉള്‍പ്പെടെ കേരളത്തിലെ സഹകരണരംഗത്തെ അവിഹിത ഇടപെടലുകള്‍, ശമ്പളമുടക്കം, കെ.എസ്.ആര്‍.ടി.സി തകര്‍ച്ച എന്നിവയെല്ലാം സര്‍ക്കാരിനെതിരായ വിധിയെഴുത്തിനു കാരണമായിട്ടുണ്ട്.

ഏകാധിപത്യവും ഫാസിസവും ക്രൈസ്തവപീഡനങ്ങളും ക്രൈസ്തവന്യൂനപക്ഷങ്ങളെ ബി.ജെ.പിയില്‍നിന്ന് അകറ്റിയിട്ടുണ്ടെന്ന് ബി.ജെ.പി നേതൃത്വം തിരിച്ചറിയണം. തൃശ്ശൂരിലെ സ്ഥാനാര്‍ഥി ന്യൂനപക്ഷങ്ങളെ ബഹുമാനിക്കുന്നതുകൊണ്ടാണ് വിജയിച്ചത്. തുടര്‍ച്ചയായ പരാജയങ്ങള്‍ വകവയ്ക്കാതെ തൃശ്ശൂരില്‍ ജനങ്ങളുടെ ഇടയിലിറങ്ങിപ്രവര്‍ത്തിക്കുകയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ക്രൈസ്തവന്യൂനപക്ഷങ്ങളെ ബഹുമാനിക്കുകയും ചെയ്ത നേതാവായ സുരേഷ് ഗോപിയുടെ വിജയം രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുള്ള മാതൃകാ ചൂണ്ടുപലകയാണ്.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പണം ധൂര്‍ത്തടിച്ച് വന്‍ ജനപങ്കാളിത്തത്തോടെ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഇടതുപക്ഷം നടത്തിയ നവകേരളാ സദസ്, രാഷ്ട്രീയനേട്ടങ്ങള്‍ക്കപ്പുറം രാഷ്ട്രീയ എതിരാളികളെ സ്വന്തം അണികളെക്കൊണ്ട് അടിച്ചൊതുക്കുന്ന പരിപാടിയാക്കിയതും കേരളജനതയില്‍ അവമതിപ്പുണ്ടാക്കി. വിലക്കയറ്റം, തൊഴിലില്ലായ്മ, പാര്‍ട്ടിക്കാരുടെ അക്രമണങ്ങള്‍, അഴിമതി, അഹങ്കാരം എന്നിവയെല്ലാം സര്‍ക്കാരിനെതിരെ വലിയ ജനവികാരം ഉണ്ടാക്കിയിട്ടുണ്ട്. ക്രമസമാധാന തകര്‍ച്ച, ഗുണ്ടാവിളയാട്ടം, പൊലീസിന്റെ മാഫിയാബന്ധം തുടങ്ങിവയും സര്‍ക്കാരിനുണ്ടാക്കിയ കളങ്കം വലുതാണ്.

രാജ്യത്തെ സാധാരണ പൗരന്മാരെയും ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ദുര്‍ബലവിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ഭരണത്തിനുമാത്രമേ ജനഹൃദയങ്ങളില്‍ സ്ഥാനമുണ്ടാകൂ എന്ന സന്ദേശമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പുഫലം രാഷ്ട്രീയപാര്‍ട്ടികള്‍ക്കു നല്‍കുന്നത്.

ടോണി ചിറ്റിലപ്പിള്ളി

അത്മായ ഫോറം സെക്രട്ടറി, സീറോമലബാര്‍ സഭ, എറണാകുളം

 

Latest News