Friday, November 22, 2024

നസ്‌റത്തിലെ യുഎന്‍ സ്‌കൂള്‍ ആക്രമണം; കൊല്ലപ്പെട്ട തീവ്രവാദികളെ പരസ്യമായി തിരിച്ചറിയാന്‍ ഇസ്രായേലിനോട് അമേരിക്ക

അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഗാസയിലെ യുഎന്‍ സ്‌കൂള്‍ ആക്രമിച്ചതിന് പിന്നാലെ 35ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ഇസ്രയേലിനോട് വ്യോമാക്രമണത്തില്‍ സുതാര്യത പുലര്‍ത്തണമെന്ന ആവശ്യവുമായി അമേരിക്ക. വ്യാഴാഴ്ച രാവിലെയാണ് നസ്‌റത്തിലെ അഭയാര്‍ത്ഥി ക്യാംപിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. നസ്‌റത്തിലെ അഭയാര്‍ത്ഥി ക്യാംപിന് നേരെ ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ രണ്ട് മിസൈലുകള്‍ പ്രയോഗിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഹമാസ് തീവ്രവാദികള്‍ക്കെതിരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സേന ആക്രമണത്തിന് പിന്നാലെ വിശദമാക്കിയത്. ഇസ്രായേല്‍ സൈന്യം ഹമാസ് തീവ്രവാദികളുടെ പേരുകള്‍ നല്‍കിയത് പോലെ അഭയാര്‍ത്ഥി ക്യാംപിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് തീവ്രവാദികളെ പരസ്യമായി തിരിച്ചറിയാന്‍ അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടു. കൊല്ലപ്പെടുന്ന തീവ്രവാദികളെ ഇസ്രായേല്‍ പരസ്യമായി തിരിച്ചറിയാറുണ്ടെങ്കിലും അമേരിക്ക ഇത്തരത്തില്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത് അപൂര്‍വ്വമാണ്. കൊല്ലപ്പെട്ടവരില്‍ 20 മുതല്‍ 30 വരെ തീവ്രവാദികളെന്നാണ് ഇസ്രായേല്‍ വിശദമാക്കുന്നത്.

കൊല്ലപ്പെട്ട തീവ്രവാദികളുടെ പേര് ഇസ്രായേല്‍ പുറത്ത് വിടുമെന്നാണ് അമേരിക്കന്‍ സേനാ വക്താവ് മാത്യു മില്ലര്‍ വിശദമാക്കിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 14 കുട്ടികള്‍ ഉള്‍പ്പെടുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങളെന്നാണ് മാത്യു മില്ലര്‍ വിശദമാക്കിയത്. കൊല്ലപ്പെട്ടവരില്‍ 14 പേര്‍ കുട്ടികളാണെങ്കില്‍ അവര്‍ തീവ്രവാദികളെല്ലെന്നും മാത്യു മില്ലര്‍ വിശദമാക്കി. അതിനാല്‍ തന്നെ ഇസ്രായേല്‍ പുറത്ത് വിടുന്ന പട്ടികയില്‍ നൂറ് ശതമാനം സുതാര്യത വേണമെന്നാണ് അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Latest News