സ്റ്റാര്‍ലൈനര്‍ വ്യാഴാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്) സുരക്ഷിതമായി ഡോക്ക് ചെയ്തതോടെ വൈറലായി സുനിതയുടെ ഡാന്‍സ് ദൃശ്യങ്ങള്‍. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറിനുമാണ് ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തത്. ബഹിരാകാശ നിലയത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് അവര്‍ നൃത്തം ചെയ്തത്. ഐ.എസ്.എസിലെ മറ്റ് ഏഴു ബഹിരാകാശയാത്രികരെ ആശ്ലേഷിക്കുകയും ചെയ്തു. ഐ.എസ്.എസിലെ പരമ്പരാഗത മണി മുഴക്കിയാണ് സുനിതയെയും വില്‍മോറിനെയും അവര്‍ സ്വീകരിച്ചത്.
തന്റെ ക്രൂ അംഗങ്ങളെ ‘മറ്റൊരു കുടുംബം’എന്ന് വിശേഷിപ്പിച്ച സുനിത ഇത്രയും മികച്ച സ്വീകരണത്തിന് നന്ദിയും പറഞ്ഞു. കന്നി ദൗത്യത്തില്‍ ഒരു പുതിയ ബഹിരാകാശ പേടകം പൈലറ്റ് ചെയ്യുകയും പരീക്ഷിക്കുകയും ചെയ്യുന്ന ആദ്യ വനിതയായി 59 കാരിയായ ഈ ബഹിരാകാശ സഞ്ചാരി. സ്റ്റാര്‍ലൈനര്‍ പറത്തുന്ന ആദ്യത്തെ ക്രൂ ആണ് സുനിതയും വില്‍മോറും.
ഫ്‌ലോറിഡയിലെ കേപ് കനാവറല്‍ സ്‌പേസ് സ്റ്റേഷനില്‍നിന്ന് വിക്ഷേപിച്ച് 26 മണിക്കൂറിന് ശേഷം അവര്‍ പേടകം ഐ.എസ്.എസിലേക്ക് വിജയകരമായെത്തിച്ചു. എന്നാല്‍ ഹീലിയം ചോര്‍ച്ച പോലുള്ള സാങ്കേതിക തകരാറുകള്‍മൂലം ഡോക്കിങ് ഒരു മണിക്കൂറോളം വൈകിയിരുന്നു.
Hugs all around! The Expedition 71 crew greets Butch Wilmore and @Astro_Suni aboard @Space_Station after #Starliner docked at 1:34 p.m. ET on June 6. pic.twitter.com/wQZAYy2LGH
— Boeing Space (@BoeingSpace) June 6, 2024