Saturday, November 23, 2024

പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് ഈ മാസം അവസാനം നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍

യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ മറൈന്‍ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ പാര്‍ട്ടിയോട് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് ഈ മാസം അവസാനം നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

ഈ ഫലങ്ങള്‍ തന്റെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമാണെന്നും തനിക്ക് ഇത് അവഗണിച്ചതായി നടിക്കാന്‍ കഴിയില്ലെന്നും മാക്രോണ്‍ പറഞ്ഞു. പാരീസ് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിന് രണ്ട് മാസം മാത്രം ശേഷിക്കെയാണ് ഒരു രാഷ്ട്രീയ ചൂതാട്ടത്തിന് മാക്രോണ്‍ തയാറായിരിക്കുന്നത്. അധോ സഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 30 ന് നടക്കുമെന്നും ജൂലൈ 7 ന് രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ലെ പെന്നിന്റെ നാഷണല്‍ റാലി (ആര്‍എന്‍) പാര്‍ട്ടി പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിയാല്‍, മാക്രോണിന്റെ അപ്രതീക്ഷിതമായ തീരുമാനം അദ്ദേഹത്തെ ദുര്‍ബലാവസ്ഥയിലാക്കിയേക്കാം.

28 കാരനായ ജോര്‍ദാന്‍ ബാര്‍ഡെല്ലയുടെ നേതൃത്വത്തില്‍, ആര്‍എന്‍ പാര്‍ട്ടി ഏകദേശം 32% വോട്ടുകള്‍ നേടി. മാക്രോണിന്റെ പാര്‍ട്ടിക്ക് 15% വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സോഷ്യലിസ്റ്റുകള്‍ 14% വോട്ട് നേടി തൊട്ടു പുറകിലെത്തി.

 

Latest News