2014 ജൂണ്‍ പത്തിനാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്) ജിഹാദികള്‍ ഇറാഖിലെ മൊസൂളില്‍ അധിനിവേശം നടത്തിയത്. ഭീകരരെ തുരത്തിയതിനുശേഷവും ആശങ്കയും ഭീതിയും വിടാതെ പിടികൂടിയിരിക്കുകയാണ് ഇവിടെനിന്നും പലായനംചെയ്ത ക്രൈസ്തവസമൂഹത്തെ. അതിനു തെളിവാണ് ഇപ്പോഴും മടങ്ങിവരാന്‍ ഭയപ്പെടുന്ന ക്രിസ്ത്യന്‍സമൂഹം.
ഇസ്ലാമിസ്റ്റുകളുടെ വരവിനുമുമ്പ് മൊസൂളില്‍ 1200 ക്രിസ്ത്യന്‍ കുടുംബങ്ങളെങ്കിലും താമസിച്ചിരുന്നു. 2017-ല്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റ് കീഴടക്കി. അതിനുശേഷം വളരെ കുറച്ചു ക്രിസ്ത്യാനികള്‍ മാത്രമേ മൊസൂളില്‍ അവശേഷിച്ചിരുന്നുള്ളൂ. ‘ഏകദേശം 30 മുതല്‍ 40 വരെ കുടുംബങ്ങള്‍ മാത്രമേ ഇപ്പോള്‍ ഇവിടെയുള്ളൂ. വീടുകളില്‍ അവശേഷിക്കുന്ന പലരും പ്രായമായവരാണ്. നിരവധി കുടുംബങ്ങള്‍ മറ്റു സ്ഥലങ്ങളില്‍നിന്നു വരികയും പോകുകയും ചെയ്യുന്നു’ – അല്‍കോഷിലെ കല്‍ദായ ബിഷപ്പ് പോള്‍ താബിറ്റ് മെക്കോ വെളിപ്പെടുത്തുന്നു.
മൊസൂള്‍, ഇസ്ലാമിസ്റ്റുകള്‍ കീഴടക്കിയ ദിവസങ്ങള്‍ ആഘാതത്തിന്റെയും വേദനയുടെയും ഒരു കാലഘട്ടത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു. കാരണം, ഒരുകാലത്ത് മൊസൂള്‍, വ്യത്യസ്ത വിശ്വാസസമൂഹങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ സ്ഥലമായി വിശേഷിപ്പിക്കപ്പെട്ട നഗരമായിരുന്നു. ലോകത്തിലെ ഏറ്റവും പഴയ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികള്‍ ഇവിടെയുണ്ടായിരുന്നു.
രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പുവരെ മൊസൂളില്‍ ഒരുലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. സുന്നി ഭൂരിപക്ഷം ഷിയാകള്‍ക്കും യസീദികള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമൊപ്പം സമാധാനപരമായി ജീവിച്ചിരുന്ന ഒരു സാമൂഹികഘടനയുടെ ഭാഗമായിരുന്നു. 2003-ല്‍ സദ്ദാം ഹുസൈന്റെ ഭരണത്തെ അട്ടിമറിക്കുന്നതിനിടയാക്കിയ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക ഇടപെടലിനുശേഷം ക്രിസ്ത്യാനികളുടെ എണ്ണം കുറയാന്‍തുടങ്ങി. അന്നുമുതല്‍ മൊസൂളില്‍ വിഭാഗീയ അക്രമങ്ങള്‍ വര്‍ധിച്ചു.
പത്തുവര്‍ഷം മുമ്പ് ജൂണില്‍ ഐ.എസ് ഭീകരര്‍ എത്തിയതോടെ നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ മൊസൂള്‍ വിട്ടുപോയിരുന്നു. ഇതോടെ നഗരം പൂര്‍ണ്ണമായും ഐ.എസ് തീവ്രവാദികള്‍ പിടിച്ചെടുക്കുകയായിരുന്നു.