Sunday, November 24, 2024

സുനിതാ വില്യംസിനും സംഘത്തിനും ഭീഷണിയുയര്‍ത്തി ബഹിരാകാശ നിലയത്തില്‍ ‘സ്പെയ്സ് ബഗ്’

അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഇന്ത്യന്‍ വംശജയായ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസിനും മറ്റ് എട്ട് അംഗങ്ങള്‍ക്കും ഭീഷണിയുയര്‍ത്തി ബഹിരാകാശ നിലയില്‍ സ്പെയ്സ്ബഗിനെ കണ്ടെത്തി. മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളുടെ സാന്നിധ്യമാണ് ബഹിരാകാശനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. എന്ററോബാക്ടര്‍ ബുഗന്‍ജന്‍ഡന്‍സിസ് എന്ന ഈ ബാക്ടീരിയ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നവയാണ്.

ഇവയെ സൂപ്പര്‍ ബഗ് എന്നും വിളിക്കാറുണ്ട്. സ്പെയ്സ്ബഗ് ബഹിരാകാശത്ത് ഉണ്ടാകുന്നവയല്ല. മറിച്ച് അവ ഭൂമിയില്‍ നിന്ന് ബഹിരാകാശത്തേക്ക് പോകുന്ന സഞ്ചാരികള്‍ക്കൊപ്പമാണ് ഇത് ബഹിരാകാശ നിലയത്തില്‍ എത്തിച്ചേരുന്നത്. ബഹിരാകാശ നിലയത്തിലെ അടച്ചിട്ട അന്തരീക്ഷത്തിനുള്ളില്‍ ഇവ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിട്ടുള്ളതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ജൂണ്‍ ആറിനാണ് പുതിയ ബോയിംഗ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ സുനിതയും സഹപ്രവര്‍ത്തകനായ ബഹിരാകാശയാത്രികള്‍ ബാരി യൂജിന്‍ ബുച്ച് വില്‍മോറും ബഹിരാകാശനിലയില്‍ എത്തിയത്.

പുതിയ ബഹിരാകാശ പേടകം രൂപകല്‍പ്പന ചെയ്യാന്‍ സുനിത സഹായിച്ചിരുന്നു. സൂപ്പര്‍ ബഗിന് കണ്ടെത്തിയതിനാല്‍ ഭൂമിയിലേക്ക് മടങ്ങുന്നതിന് മുമ്പായി ഭൂമിയുടെ ഏറ്റവും താഴെയുള്ള ഭ്രമണപഥത്തിലുള്ള ലാബോറട്ടറിയില്‍ സുനിത വില്യംസ് ഒരാഴ്ചയോളം സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട്. ബഹിരാകാശ നിലയത്തിലുള്ള ഏഴ് മറ്റ് അംഗങ്ങള്‍ ദീര്‍ഘകാലമായി അവിടെ തുടരുന്നവരാണ്. സാധാരണനിലയില്‍ ബഹിരാകാശ അവശിഷ്ടങ്ങളില്‍ നിന്നും മൈക്രോമെറ്റോറൈറ്റുകളില്‍ നിന്നുമാണ് ബഹിരാകാശനിലയത്തില്‍ ആശങ്ക നിലനില്‍ക്കുന്നത്.

ബഹിരാകാശയാത്രികര്‍ക്കൊപ്പം സഞ്ചരിച്ച് കഴിഞ്ഞ 24 വര്‍ഷമായി ബഹിരാകാശ നിലയത്തില്‍ സാന്നിധ്യമുറപ്പിച്ചിരിക്കുന്ന ഈ സൂപ്പര്‍ ബഗുകള്‍ ഇപ്പോള്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം, ബഹിരാകാശനിലയത്തില്‍ നിന്ന് കണ്ടെത്തിയ ഇ. ബുഗാന്‍ഡെന്‍സിസ് എന്ന ബാക്ടീരിയല്‍ സ്പീഷിസിന്റെ വകഭേദങ്ങളെക്കുറിച്ച് പഠനം നടത്തിയതായി നാസ പറഞ്ഞു. മരുന്നുകളെ പ്രതിരോധിക്കുന്ന ഈ ബാക്ടീരിയയുടെ 13 വകഭേദങ്ങള്‍ ബഹിരാകാശനിലയത്തില്‍ നിന്ന് വേര്‍തിരിച്ചതായി നാസ അറിയിച്ചിട്ടുണ്ട്.

ബഹിരാകാശനിലയത്തില്‍വെച്ച് രൂപമാറ്റം സംഭവിച്ച ഈ ബാക്ടീരിയ ജനിതകപരമായും പ്രവര്‍ത്തനപരമായും അവയുടെ ഭൂമിയിലെ വകഭേദങ്ങളുമായി വ്യത്യാസപ്പെട്ടിരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ബഹിരാകാശ നിലയത്തിലെ മറ്റ് സൂക്ഷ്മാണുക്കള്‍ക്കൊപ്പം ഇവ സഹകരിച്ച് നിലനിന്നിരുന്നതായും പഠനത്തില്‍ കണ്ടെത്തി. യുഎസിലെ കാലിഫോര്‍ണിയയില്‍ സ്ഥിതി ചെയ്യുന്ന നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബോറട്ടറിയിലെ ഡോ. കസ്തൂരി വെങ്കിടേശ്വരനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

നാസയില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം ചെന്നൈയിലെ അണ്ണാമലൈ സര്‍വകലാശാലയിലാണ് മറൈന്‍ മൈക്രോബയോളജി പഠിച്ചത്. 2023-ല്‍ കലാമിയല്ല പിയേഴ്സോണി എന്ന പേരിലുള്ള പുതിയൊരു മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്റ് ബഗിനെ അദ്ദേഹം കണ്ടെത്തിയിരുന്നു. ഈ ബഗിന് മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ പേരിടുകയായിരുന്നു.

ബഹിരാകാശയാത്രികള്‍ ബഹിരാകാശ ദൗത്യങ്ങളില്‍ സവിശേഷമായ ആരോഗ്യവെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബഹിരാകാശ യാത്രികരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഈ സൂക്ഷ്മാണുക്കള്‍ ചെലുത്തുന്ന സ്വാധീനം വിലയിരുത്തുന്നതിന് ബഹിരാകാശനിലയത്തിലെ സൂക്ഷ്മജീവികളുടെ സ്വഭാവം മനസ്സിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ബഹിരാകാശനിലയത്തിലെ പരിമിതമായ ചികിത്സാ സൗകര്യങ്ങളും വെല്ലുവിളിയാണ്.

 

 

Latest News