കുവൈറ്റിലെ ലേബര്‍ ക്യാമ്പ് കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരണസംഖ്യ ഉയരുന്നു. മലയാളികള്‍ ഉള്‍പ്പെടെ 35 പേര്‍ മരിച്ചതായി കുവൈറ്റ് ഔദ്യോഗിക ടെലിവിഷനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
തെക്കന്‍ അഹ്മദി ഗവര്‍ണറ്റേറിലെ മംഗഫ് നഗരത്തിലെ വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെ നാലോടെയാണു സംഭവം. കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതു പുരോഗമിക്കുകയാണ്.
മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്നുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. അതേസമയം, മരിച്ചവരില്‍ നാലു പേര്‍ ഇന്ത്യക്കാരാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രണ്ടുപേര്‍ മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഒരു ഉത്തരേന്ത്യന്‍ സ്വദേശിയും മരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 35 പേര്‍ മരിച്ചതായാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാല് പേര്‍ മരിച്ചുവെന്നും 39 പേര്‍ക്ക് പരുക്കേറ്റുവെന്നുമാണ് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈറ്റിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്കു മാറ്റിയതായും പലരുടെയും നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മലയാളി ഉടമയായ എന്‍ബിടിസി ഗ്രൂപ്പിന്റേതാണ് തീപിടിച്ച കെട്ടിടം. മലയാളികള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. താഴത്തെ നിലയിലുള്ള അടുക്കളയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീ ആളിപ്പടര്‍ന്നതിനെത്തുടര്‍ന്ന് കെട്ടിടത്തില്‍നിന്ന് എടുത്തുചാടിയ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.
അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയതായും അപകടത്തിനിരയായവരെ കണ്ടെത്താന്‍ പരിശോധന തുടരുകയാണെന്നും ഫോറന്‍സിക് എവിഡന്‍സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഈദ് അല്‍ ഒവൈഹാനെ ഉദ്ധരിച്ച് കുവൈറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.