Monday, November 25, 2024

ജമ്മു ഭീകരാക്രമണം; നാല് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്ത് വിട്ടു; വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം

ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ പങ്കാളികളായ നാല് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീര്‍ പോലീസ്. പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഭീകരരെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സൂചനകള്‍ ലഭിച്ചാല്‍ അത് ഉടന്‍ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നാണ് പോലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഭദേര്‍വയിലെ ചാറ്റര്‍ഗല്ലയില്‍ സൈനികരുടേയും പോലീസിന്റേയും ചെക്പോസ്റ്റുകളിലേക്ക് തീവ്രവാദികള്‍ വെടിയുതിര്‍ത്തിരുന്നു. ഭദേര്‍വ, താത്രി, ഗണ്ഡോ എന്നീ പ്രദേശങ്ങളില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുവെന്ന് വിവരം ലഭിച്ച നാല് ഭീകരരുടെ രേഖാചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നതെന്ന് ജമ്മു കശ്മീര്‍ പോലീസ് വക്താവ് അറിയിച്ചു

അതിനിടെ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരന്റെ രേഖാചിത്രവും പോലീസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. ശിവ്ഖോരി ക്ഷേത്രത്തില്‍ നിന്നും വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് തീവര്‍ത്ഥാടകരുമായി പോവുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവസമയം ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 53 തീര്‍ത്ഥാടകരാണ് ബസിനുള്ളില്‍ ഉണ്ടായിരുന്നത്. ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Latest News