Monday, November 25, 2024

മാര്‍ മങ്കുഴിക്കരിയുടേത് ദാര്‍ശനികതയും വാത്സല്യവും സമന്വയിച്ച ഇടയജീവിതം: മേജര്‍ ആര്‍ച്ച്ബിഷപ്പ്

കേരളസഭ കണ്ട ഏറ്റവും ദാര്‍ശനികതയുള്ള പുരോഹിതശ്രേഷ്ഠനാണ് ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയെന്നു സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. അദ്ദേഹം പങ്കുവച്ചതെല്ലാം രേഖപ്പെടുത്തപ്പെട്ടിരുന്നെങ്കില്‍, സഭയുടെ അതുല്യമായ ദാര്‍ശനികസമ്പത്താകുമെന്നും മാര്‍ തട്ടില്‍ പറഞ്ഞു.

മാര്‍ മങ്കുഴിക്കരിയുടെ മുപ്പതാം ചരമവാര്‍ഷിക അനുസ്മരണം പാലാരിവട്ടം പി.ഒ.സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഴമാര്‍ന്ന ദാര്‍ശനികത നിറഞ്ഞ പൗരോഹിത്യജീവിതത്തില്‍ വാത്സല്യനിധിയായ ഇടയനെയും തിരിച്ചറിയാനാകും. അദ്ദേഹത്തിന്‍ന്റെ പ്രസംഗങ്ങള്‍ മികച്ച വാഗ്മിത്വത്തിന്റെ അടയാളപ്പെടുത്തലുകളായി. ദാര്‍ശനികമായ സമസ്യകള്‍ അദ്ദേഹം കൃത്യതയോടും ലളിതമായും അവതരിപ്പിച്ചു. പറയാനുള്ളത് തുറന്നുപറയുമ്പോഴും ബന്ധങ്ങളില്‍ അകല്‍ച്ചകളില്ലാതിരിക്കാന്‍ അദ്ദേഹം സൂക്ഷ്മത പുലര്‍ത്തി. അടുപ്പങ്ങളുടെ പര്യായമായി അദ്ദേഹം മാറി. സഭയിലും പൊതുസമൂഹത്തിലും സമാനതകളില്ലാത്ത ഇടം അടയാളപ്പെടുത്തിയ മാര്‍ മങ്കുഴിക്കരിയുടെ ഓര്‍മകള്‍ എറണാകുളത്തും നിറഞ്ഞുനില്‍ക്കുന്നുണ്ട്. താമരശേരി രൂപതയുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ലെന്നും മാര്‍ തട്ടില്‍ പറഞ്ഞു.

മുന്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അനുസ്മരണപ്രഭാഷണം നടത്തി. പി.ഒ.സിയും ന്യൂമന്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തില്‍, കെ.സി.ബി.സി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. ന്യൂമന്‍ അസോസിയേഷന്‍ പ്രസിഡന്‍ന്റ് ഡോ. കെ.എം. മാത്യു പ്രസംഗിച്ചു.

എറണാകുളം – അങ്കമാലി അതിരൂപത സഹായമെത്രാന്‍, താമരശേരി രൂപതയുടെ പ്രഥമ മെത്രാന്‍, ആലുവ പൊന്തിഫിക്കല്‍ സെമിനാരി പ്രഫസര്‍ എന്നീ നിലകളില്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി സേവനം ചെയ്തിട്ടുണ്ട്.

 

Latest News