Sunday, November 24, 2024

പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ തടയാന്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ അമേരിക്കയിലെ ക്യാംപസുകള്‍

ഗാസയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയില്‍ അമേരിക്കയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത് തടയിടാന്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താനൊരുങ്ങി അമേരിക്കയിലെ ക്യാംപസുകള്‍. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂനവേഴ്സിറ്റിയാണ് ലോസ് ഏഞ്ചല്‍സ് സര്‍വകലാശാലയുടെ പ്രധാന ക്യാംപസിലെ എല്ലാ ക്ലാസുകളും പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനായി നടത്തുമെന്ന് പ്രഖ്യാപിച്ചത്.

‘ദയവായി പ്രധാന ക്യാംപസിലേക്ക് വരരുത്,’ എന്നാണ് വെബ്‌സൈറ്റിലൂടെ ലോസ് ഏഞ്ചല്‍സ് സര്‍വകലാശാല വിദ്യാര്‍ഥികളോട് പറഞ്ഞത്.

പലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ ബുധനാഴ്ച ഉച്ചയോടെ സര്‍വകലാശാലയുടെ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുകയും പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തിരുന്നു. ഇസ്രായേലിന് അമേരിക്ക നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ചാണ് പ്രകടനം. പ്രക്ഷോഭത്തെ തുടര്‍ന്ന് ജീവനക്കാരോട് അഭയം തേടാന്‍ സര്‍വകലാശാല പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി പോയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നേരത്തെയും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. 25 പലസ്തീന്‍ അനുകൂല പ്രതിഷേധക്കാരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതിഷേധം.

23 ക്യാംപസുകളിലായി 4,58,000 വിദ്യാര്‍ഥികളും 53,000 ഫാക്കല്‍റ്റികളും സ്റ്റാഫുകളും ഉള്ള കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ പൊതു സര്‍വകലാശാലയാണ്.

ഇസ്രായേലിന് അമേരിക്ക നല്‍കുന്ന പിന്തുണയില്‍ നിരവധി പേരാണ് ദിവസവും രാജ്യത്ത് പ്രതിഷേധിക്കുന്നത്.

 

Latest News