ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ് സിറില്‍ റമഫോസയെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു. റമഫോസയുടെ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസും (എഎന്‍സി) പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് അലയന്‍സും (ഡിഎ) ചരിത്രപരമായ കരാറുണ്ടാക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് സിറില്‍ റാംഫോസയെ രണ്ടാമതും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി പാര്‍ലമെന്റ് തിരഞ്ഞെടുത്തത്. 30 വര്‍ഷത്തിനിടെ ആദ്യമായാണ് എഎന്‍സിക്ക് രാജ്യത്ത് ഭൂരിപക്ഷം നഷ്ടപ്പെടുന്നത്.
തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ടത്. നെല്‍സണ്‍ മണ്ടേല സ്ഥാപിച്ച ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴയ പാര്‍ട്ടികളിലൊന്നാണ്. തിരഞ്ഞെടുപ്പില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് 40 ശതമാനവും ഡെമോക്രാറ്റിക് അലയന്‍സ് 22 ശതമാനവും ആണ് വോട്ടു നേടിയത്. എഎന്‍സിക്ക് കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാനാകാതെ വന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് റംഫോസ അധികാരമേല്‍ക്കുന്നത്.
വിജയ പ്രസംഗത്തില്‍ പുതിയ സഖ്യത്തെ അഭിനന്ദിച്ച റംഫോസ, രാജ്യത്തെ എല്ലാവരുടെയും നന്മയ്ക്കായി നേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതായി പറഞ്ഞു.