Monday, November 25, 2024

സ്‌കൂള്‍ തുറന്നു: അമ്മമാര്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഈ വര്‍ഷവും സ്‌കൂള്‍ തുറന്നത് പെരുമഴക്കാലത്താണ്. അവധിക്കാലത്തിന്റെ ആലസ്യങ്ങള്‍ കുട്ടികളിലും മാതാപിതാക്കളും ഒരുപോലെ ഉണ്ടായിരിക്കാം. എങ്കിലും, നേരത്തെ ഉണര്‍ന്നാലേ അടുക്കളജോലികള്‍ തീര്‍ത്ത് കുഞ്ഞിനെ ഒരുക്കി കൃത്യസമയത്ത് സ്‌കൂളില്‍ അയയ്ക്കാന്‍ സാധിക്കുകയുള്ളൂ. ആദ്യമായി സ്‌കൂളില്‍ പോകുന്ന കുട്ടിയെ ഓര്‍ത്തും മുതിര്‍ന്ന കുട്ടികളെ ഓര്‍ത്തും പല ആശങ്കകളും തീര്‍ച്ചയായും ഓരോ അമ്മമാരുടെയും മനസിലുണ്ടാകും. അതിനെ തരണം ചെയ്യാനുള്ള ഏതാനും വഴികളാണ് ലൈഫ് ഡേ പങ്കുവയ്ക്കുന്നത്.

1. ഭയം വേണ്ട

‘ഭയമല്ല; കരുതലാണ് ആവശ്യം’ എന്ന, കോവിഡ് കാലത്തെ ആ ചിന്ത തന്നെയാണ് ഇവിടെയും വേണ്ടത്. കുഞ്ഞുങ്ങളാണെങ്കിലും അവരെക്കൊണ്ട് സ്വയം ചെയ്യാന്‍ പരിശീലിപ്പിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് അവരെ സ്വന്തമായി ഭക്ഷണം കഴിക്കാന്‍ ശീലിപ്പിക്കുക എന്നത്.

കുട്ടിയെ കൃത്യസമയത്ത് സ്‌കൂളില്‍ അയയ്ക്കണമെന്നുണ്ടെങ്കില്‍, അവരെ സ്‌കൂളില്‍ വിടുന്നതിനുമുന്‍പേ സ്വയം ഭക്ഷണം വാരിക്കഴിക്കാന്‍ ശീലിപ്പിക്കുക. എങ്കിലും ആദ്യമായി സ്‌കൂളില്‍ പോകുന്നതിന്റെ ആശങ്ക കുഞ്ഞിനുണ്ടാകും. അത് മാറ്റിയെടുക്കാന്‍ സ്‌കൂളിനെക്കുറിച്ചു മനോഹരമായൊരു ചിത്രം പറഞ്ഞുകൊടുക്കുക. അടങ്ങിയിരുന്നില്ലെങ്കില്‍ അധ്യാപകര്‍ ശിക്ഷിക്കും, നന്നായി പഠിച്ചില്ലെങ്കില്‍ തല്ലുകിട്ടും എന്നൊക്കെ കുഞ്ഞുങ്ങളോടു പറഞ്ഞാല്‍ സ്‌കൂളിനെക്കുറിച്ചും അധ്യാപകരെക്കുറിച്ചും കുട്ടിക്ക് മോശം കാഴ്ചപ്പാടാകും ഉണ്ടാകുക. ഇത് അവരുടെ പഠനമടക്കമുള്ള കാര്യങ്ങളെ നെഗറ്റീവായി ബാധിക്കാന്‍ കാരണമാകും.

2. ക്രമമായ ശീലം രൂപപ്പെടുത്തുക

തലേദിവസം തന്നെ ടൈം ടേബിള്‍ അനുസരിച്ച് പുസ്തകങ്ങള്‍ എടുത്തുവയ്ക്കാന്‍ കുട്ടിയെ ശീലിപ്പിക്കുക. തീരെ ചെറിയ കുട്ടികള്‍ക്ക് തുടക്കത്തില്‍ മാതാപിതാക്കളുടെ സഹായത്തോടെ ഇക്കാര്യങ്ങള്‍ ചെയ്തുതുടങ്ങാം. ഓരോ ദിവസത്തെയും പാഠഭാഗങ്ങള്‍ അന്നന്നുതന്നെ പഠിപ്പിക്കുക. അതുപോലെ, കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശീലിപ്പിക്കുക. കുട്ടിക്ക് പഠിക്കാനും കളിക്കാനും സമയം വിഭജിച്ചുകൊടുക്കുക.

3. നല്ല കൂട്ടുകാരായിരിക്കുക

അമ്മയും മക്കളും തമ്മില്‍ നല്ലൊരു ബന്ധം വളര്‍ത്തിയെടുക്കുക. സ്‌കൂളില്‍ നടന്ന കാര്യങ്ങള്‍, ക്ലാസ്സിലെ കാര്യങ്ങള്‍, കൂട്ടുകാരുടെ കാര്യങ്ങള്‍ എന്നിവയൊക്കെ അമ്മമാരുമായി പങ്കുവയ്ക്കാന്‍ കഴിയുംവിധത്തില്‍ നല്ലൊരു ബന്ധം കുട്ടികളുമായി സ്ഥാപിച്ചെടുക്കുക എന്നതാണ് ആദ്യപടി. ക്ഷമയോടെ അവരെ കേള്‍ക്കാന്‍ സമയം കണ്ടെത്തുകയാണ് അതിനുള്ള ഏകമാര്‍ഗം.

ജോലിത്തിരക്കുള്ള അമ്മമാര്‍ അതിനായി ഒരു നിശ്ചിതസമയം നീക്കിവയ്ക്കണമെന്നില്ല. കുട്ടികളെ കുളിപ്പിക്കുമ്പോഴോ, വൈകുന്നേരത്തെ പ്രാര്‍ഥനയ്ക്കുശേഷമോ അല്ലെങ്കില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴോ ഒക്കെ അവരെ കേള്‍ക്കാം. ഒരു തുടക്കമിട്ടുകൊടുത്താല്‍ മതി, അവര്‍ നല്ല വാഗ്മികള്‍ ആയിരിക്കുമെന്ന് നിങ്ങള്‍ക്കു തെളിയിച്ചുതരും. അതോടൊപ്പം അവര്‍ക്ക് നല്ല ഉപദേശങ്ങളും നല്‍കാവുന്നതാണ്.

4. സ്‌നേഹവും കരുതലും

നമ്മുടെ കുഞ്ഞുങ്ങളിലും അനവധിയായ കഴിവുകള്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടത്ര പ്രോത്സാഹനം നല്‍കുകയാണ് അമ്മമാര്‍ എന്ന നിലയില്‍ നമ്മള്‍ ചെയ്യേണ്ടത്. നമ്മുടെ സ്വപ്നങ്ങളിലേക്ക് മക്കളെ പാകപ്പെടുത്തുമ്പോള്‍ അവര്‍ക്ക് അവരെ നഷ്ടപ്പെടും; സ്വതന്ത്രമായിവിട്ടാല്‍ അവര്‍ അവരായിത്തന്നെ വളരും. സ്വാതന്ത്ര്യത്തിനൊപ്പം നമ്മുടെ ശക്തമായ കരുതലും കൂടിയാകുമ്പോള്‍ തീര്‍ച്ചയായും അവര്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നവരാകും.

റ്റിന്റു തോമസ്

Latest News