മറ്റ് പല ചൈനീസ് നഗരങ്ങള്‍ക്കും സമാനമായി കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗ് സിറ്റി അധികൃതര്‍ പറഞ്ഞു. തലസ്ഥാനത്ത് ഒരാഴ്ചയായി പടര്‍ന്നിരിക്കാനിടയുള്ള കോവിഡ് -19 ന്റെ വ്യാപനം പിടിച്ചുകെട്ടാനുള്ള തിരക്കിലാണ് നേതൃത്വം.
നഗരത്തിലെ ഏറ്റവും വലിയ ജില്ലകളിലൊന്നായ ചായോയാങില്‍ ജോലിചെയ്യുകയും താമസിക്കുകയും ചെയ്യുന്ന ഏകദേശം 3.5 ദശലക്ഷം നിവാസികളുടെ മൂന്ന് റൗണ്ട് മാസ് ടെസ്റ്റിംഗ് ആരംഭിക്കുമെന്നും ഞായറാഴ്ച പ്രഖ്യാപിച്ചു.
24 മണിക്കൂറിനുള്ളില്‍ 11 കേസുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നത്. ലോക്ക്ഡൗണുണ്ടായിട്ടും അവശ്യ സാധനങ്ങള്‍ ശേഖരിക്കാന്‍ ആളുകള്‍ തിരക്കിട്ടതിനാല്‍, ബിസിനസ്സ് സെന്ററുകളും നിരവധി വിദേശ എംബസികളും ഉള്‍പ്പെടുന്ന ജില്ലയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ആവശ്യത്തിന് സാധനങ്ങള്‍ ഉണ്ടെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട ദേശീയ ആരോഗ്യ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം തലസ്ഥാനത്ത് ഞായറാഴ്ച 19 പുതിയ പ്രാദേശിക കേസുകള്‍ രേഖപ്പെടുത്തി. ഏപ്രില്‍ 22 മുതല്‍ നഗരത്തിലെ ആകെ എണ്ണം 60 ആയി.
‘വൈറസ് വ്യാപനത്തിന്റെ അപകടസാധ്യത കൂടുതലാണ്. സ്ഥിതി അടിയന്തിരവും ഭയങ്കരവുമാണ്,’ മുനിസിപ്പല്‍ ഉദ്യോഗസ്ഥന്‍ ടിയാന്‍ വെയ് ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘നഗരം മുഴുവന്‍ ഉടനടി പ്രവര്‍ത്തിക്കണം’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഴ്ചകള്‍ നീണ്ട ലോക്ക്ഡൗണ്‍ പരാജയപ്പെട്ടിട്ടും ഷാങ്ഹായില്‍ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തലസ്ഥാനത്ത് വൈറസ് വ്യാപനം തടയാനുള്ള സമ്മര്‍ദ്ദം വരുന്നത്. തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഞായറാഴ്ച നഗരത്തില്‍ 19,000 പുതിയ കേസുകളും 51 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
വൈറസ് പടരുന്നത് ഇല്ലാതാക്കാന്‍ രാജ്യം കര്‍ശനമായ ‘സീറോ-കോവിഡ്’ നയത്തില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന ഭയം ചൈനയിലുടനീളമുണ്ട്.
വടക്കുകിഴക്കന്‍ ജിലിന്‍ പ്രവിശ്യയിലും ഷാങ്ഹായിലും ഉണ്ടായ വലിയ വ്യാപനങ്ങളാല്‍ കേസുകളുടെ എണ്ണം ചൈനയില്‍ അഭൂതപൂര്‍വമായ തലത്തിലേക്ക് ഉയര്‍ന്നു.