ഒരു സമ്പൂര്‍ണ്ണ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഇസ്രായേലില്‍ ഒരിടവും സുരക്ഷിതമായിരിക്കില്ലെന്ന് ലെബനനിലെ ഹിസ്ബുള്ള ഭീകര സംഘടനയുടെ തലവന്‍, ഹസന്‍ നസ്‌റുല്ല ഭീഷണിയുയര്‍ത്തി. കഴിഞ്ഞയാഴ്ച തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള സീനിയര്‍ കമാന്‍ഡര്‍ തലേബ് അബ്ദുള്ളയെ അനുസ്മരിക്കുന്ന ചടങ്ങില്‍ മറ്റ് മൂന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ച നസ്റല്ല, ഇസ്രായേലുമായി വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തെക്കുറിച്ചാണ് സൂചിപ്പിച്ചത്. തങ്ങള്‍ ഹമാസിനെ പിന്തുണച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും നസ്‌റല്ല പറഞ്ഞു.
തങ്ങള്‍ക്കെതിരെ ഇസ്രായേല്‍ വലിയ തോതിലുള്ള ആക്രമണം നടത്തുകയാണെങ്കില്‍, തിരിച്ച് ഭൂമിയില്‍ നിന്നും ആകാശത്തില്‍ നിന്നും കടലില്‍ നിന്നുമുള്ള ആക്രമണത്തിന് തയ്യാറാകണമെന്നും മെഡിറ്ററേനിയനിലെ സ്ഥിതി പൂര്‍ണ്ണമായും മാറുമെന്നും നസ്റല്ല ഭീഷണിയുയര്‍ത്തി. ‘ഒരു സമ്പൂര്‍ണ്ണ യുദ്ധമുണ്ടായാല്‍ ഞങ്ങളുടെ ആയുധങ്ങളില്‍ നിന്ന് ഇസ്രായേലില്‍ ഒരു സ്ഥലവും രക്ഷപെടില്ല’ എന്നും നസ്റല്ല മുന്നറിയിപ്പ് നല്‍കി. കൂടാതെ തങ്ങള്‍ മിഡില്‍ ഈസ്റ്റ് രാജ്യമായ സൈപ്രസിനെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും തീവ്രവാദ നേതാവ് കൂട്ടിച്ചേര്‍ത്തു.
തീവ്രവാദി സംഘം പുതിയ മിസൈലുകളും ഡ്രോണുകളും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നുവെന്നും അതിന്റെ മനുഷ്യ-സൈനിക സ്രോതസ്സുകള്‍ എന്നത്തേക്കാളും വലുതാണെന്നും നസ്‌റല്ല വ്യക്തമാക്കി. ഇസ്രായേലിലെ സൈനികതാവളങ്ങളും ആസ്ഥാനങ്ങളും തങ്ങളുടെ നിരീക്ഷണത്തിലാണെന്നും നസ്‌റല്ല അവകാശപ്പെട്ടു. ആഴ്ചകള്‍ നീണ്ട കര ഓപ്പറേഷന്‍ നടത്തിയിട്ടും റാഫയിലെ ഹമാസ് സേനയെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ ഐഡിഎഫിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന പരിഹാസവും ഹിസ്ബുള്ള നേതാവ് ഉയര്‍ത്തി.