Sunday, November 24, 2024

റഷ്യ-ഉത്തരകൊറിയ ഉടമ്പടി; പ്രകടമാകുന്നത് സ്വേച്ഛാധിപത്യ ശക്തികളുടെ പരസ്പര പിന്തുണയെന്ന് നാറ്റോ മേധാവി

ഉത്തരകൊറിയയുമായുള്ള റഷ്യയുടെ പുതിയ പ്രതിരോധ ഉടമ്പടി സ്വേച്ഛാധിപത്യ ശക്തികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന യോജിപ്പ് കാണിക്കുന്നതാണെന്ന് നാറ്റോ മേധാവി. ഇത് ജനാധിപത്യ രാജ്യങ്ങള്‍ ഐക്യമുന്നണി അവതരിപ്പിക്കുന്നതിന്റെ പ്രാധാന്യം ഉയര്‍ത്തികാട്ടുന്നതായും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു. ആക്രമണമുണ്ടായാല്‍ പരസ്പരം സഹായിക്കാമെന്ന കരാറില്‍ റഷ്യയും ഉത്തര കൊറിയയും ഒപ്പുവച്ചത് പ്യോങ്യാങ്ങോടുള്ള മോസ്‌കോയുടെ നയത്തെ മാറ്റിമറിക്കുന്ന നീക്കമാണ്.

ഉക്രെയ്നിനെതിരായ യുദ്ധത്തില്‍ ചൈനയും ഇറാനും മോസ്‌കോയെ സൈനികമായി പിന്തുണയ്ക്കുമ്പോള്‍ ഉത്തരകൊറിയ റഷ്യയ്ക്ക് വലിയ തോതില്‍ വെടിമരുന്ന് നല്‍കിയിട്ടുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.’സ്വേച്ഛാധിപത്യ ശക്തികള്‍ കൂടുതല്‍ അണിനിരക്കുന്നുവെന്ന് നാം അറിഞ്ഞിരിക്കണം. മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തില്‍ അവര്‍ പരസ്പരം പിന്തുണയ്ക്കുന്നു”- ഒട്ടാവയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ഒരു പാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.

ഉത്തര കൊറിയ, ചൈന, ഇറാന്‍, റഷ്യ തുടങ്ങിയ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ കൈകോര്‍ക്കുമ്പോള്‍ സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന രാജ്യങ്ങളായി നമ്മള്‍ ചേര്‍ന്ന് നില്‍ക്കേണ്ടത് അതിലും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

Latest News