സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജരും ശമ്പളസംവിധാനവും (സ്പാര്‍ക്ക്) ബന്ധിപ്പിക്കുന്നു. ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് അറ്റന്‍ഡന്‍സ് മാനേജ്മെന്റ് സിസ്റ്റമാണ് സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നത്. ജീവനക്കാരുടെ കൃത്യനിഷ്ഠയും പ്രവര്‍ത്തനവും കാര്യക്ഷമമാക്കാനാണ് നടപടി.
സെക്രട്ടറിയറ്റില്‍ വിജയകരമായി നടപ്പാക്കിയ സംവിധാനം സംസ്ഥാനത്താകെ ഉടന്‍ നിലവില്‍ വരും. 2018 ജനുവരി ഒന്നിനാണ് സെക്രട്ടറിയറ്റില്‍ പദ്ധതി നടപ്പാക്കിയത്. അതേ വര്‍ഷം കേരളപ്പിറവി ദിനത്തില്‍ എല്ലായിടത്തും സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചിരുന്നു. പ്രളയം വന്നതോടെ പദ്ധതി മുന്നോട്ട് പോയില്ല. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ജീവനക്കാരുടെ കൃത്യനിഷ്ഠ സംബന്ധിച്ച വിവരം സ്പാര്‍ക്കിന് നേരിട്ട് നിരീക്ഷിക്കാനാകും.
ഓരോ ജീവനക്കാരനും പ്രതിമാസം 300 മിനിറ്റാണ് ഗ്രേസ് പീരിയഡായി അനുവദിക്കുക. വൈകി വരുന്ന സമയം ഇതില്‍നിന്ന് കുറയ്ക്കും. 300 മിനിറ്റ് അധികരിച്ചാല്‍ തുടര്‍ന്ന് വൈകിയെത്തുന്ന ദിവസം അവധിയായി കണക്കാക്കും. കൂടുതല്‍ ജോലിയെടുക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യവുമുണ്ട്.
പ്രതിമാസം പത്ത് മണിക്കൂറിലധികം അധികജോലി എടുക്കുന്നവര്‍ക്ക് ഒരു ദിവസം കോമ്പന്‍സേറ്ററി അവധി നല്‍കും. ഇത് മൂന്നു മാസത്തിനകം എടുത്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്. പഞ്ചിങ് സമ്പ്രദായമുള്ള സ്പാര്‍ക്കില്‍ ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഓഫീസുകളിലും അടിയന്തരമായി പദ്ധതി നടപ്പാക്കാനാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇക്കാര്യത്തിലെ പുരോഗതി ഓരോ മാസവും അറിയിക്കാനും നിര്‍ദേശമുണ്ട്.