തെക്കന്‍ ഗാസ നഗരമായ റാഫയില്‍ ഹമാസിനെതിരായ ഇസ്രായേല്‍ സൈന്യത്തിന്റെ തീവ്രമായ പോരാട്ടം ഏതാണ്ട് അവസാനിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ യുദ്ധം അവസാനിക്കാന്‍ പോകുന്നു എന്നല്ല ഇതിനര്‍ത്ഥമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഹമാസിനെതിരായ പോരാട്ടത്തിന്റെ തീവ്രമായ ഘട്ടം അവസാനിക്കാന്‍ പോകുകയാണ്. യുദ്ധം അവസാനിക്കാന്‍ പോകുന്നു എന്നല്ല ഇതിനര്‍ത്ഥം, എന്നാല്‍ അതിന്റെ തീവ്രമായ ഘട്ടത്തിലുള്ള യുദ്ധം റഫയില്‍ അവസാനിക്കാന്‍ പോകുകയാണ്’. അദ്ദേഹം ടിവി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
‘പോരാട്ടത്തിന്റെ തീവ്രമായ ഘട്ടം അവസാനിച്ചതിന് ശേഷം, ഞങ്ങള്‍ക്ക് കുറച്ച് സൈനികരെ വടക്കോട്ട് വിന്യസിക്കാന്‍ കഴിയും, ഞങ്ങള്‍ അത് ചെയ്യും. പ്രതിരോധ ആവശ്യങ്ങള്‍ക്കായി മാത്രമല്ല പലായനം ചെയ്ത ആളുകളെ തിരികെ കൊണ്ടുവരാനും കൂടിയാണിത്’. നെതന്യാഹു പറഞ്ഞു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഒരു കരാറും താന്‍ അംഗീകരിക്കില്ലെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ് തട്ടിക്കൊണ്ടുപോയവരെ തിരികെ കൊണ്ടുവരികയും ഗാസയിലെ ഹമാസ് ഭരണകൂടത്തെ പിഴുതെറിയുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.